ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാനെ കീഴടക്കിയത്. ഏഴുവിക്കറ്റിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ചിന് 164. സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ മൂന്നിന് 167.

അര്‍ധസെഞ്ചുറി നേടിയ ജേസണ്‍ റോയിയും നായകന്‍ കെയ്ന്‍ വില്യംസണുമാണ് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി 82 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് പാഴായി. ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. സണ്‍റൈസേഴ്‌സിന്റെ സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണിത്. തുടര്‍ച്ചായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ചിട്ടും സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസണ്‍ റോയിയെ കൊണ്ടുവന്ന സണ്‍റൈസേഴ്‌സിന്റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 

165 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് അടിച്ചെടുത്തു. റോയ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ടീമിലിടം നേടിയ ഇംഗ്ലീഷ് താരം കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. 

എന്നാല്‍ ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാഹയെ മടക്കി മഹിപാല്‍ ലോംറോര്‍ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. കയറിയടിക്കാന്‍ ശ്രമിച്ച സാഹയെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി. 11 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്താണ് താരം മടങ്ങിയത്. സാഹയ്ക്ക് പകരം നായകന്‍ വില്യംസണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തു. 

വില്യംസണും നന്നായി കളിക്കാന്‍ തുടങ്ങിയതോടെ ജേസണ്‍ റോയിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് റോയ് അപകടകാരിയായി. സണ്‍റൈസേഴ്‌സിനായി അരങ്ങേറ്റ മത്സരം കുറിച്ച താരം 36 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കണ്ടെത്തി. ഒപ്പം ടീം സ്‌കോര്‍ 100 കടത്തി. രാഹുല്‍ തെവാത്തിയ എറിഞ്ഞ 11-ാം ഓവറില്‍ ജേസണ്‍ റോയിയെ പുറത്താക്കാനുള്ള സുവര്‍ണാവസം ജയ്‌സ്വാള്‍ പാഴാക്കി.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജേസണ്‍ റോയിയെ മടക്കി ചേതന്‍ സക്കറിയ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. പുറകോട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച റോയിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സഞ്ജുവിന്റെ കൈയ്യിലെത്തി. വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ 50-ാം ഐ.പി.എല്‍ ക്യാച്ചാണിത്. 42 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 60 റണ്‍സെടുത്താണ് താരം മടങ്ങിയത്. 

പിന്നാലെ വന്ന പ്രിയം ഗാര്‍ഗിനും പിടിച്ചുനില്‍ക്കാനായില്ല. ആദ്യ പന്തില്‍ തന്നെ മുസ്താഫിസുര്‍ റഹ്മാന് വിക്കറ്റ് നല്‍കി താരം പവലിയനിലേക്ക് മടങ്ങി. ഇതോടെ സണ്‍റൈസേഴ്‌സിന്റെ റണ്‍റേറ്റ് കുറഞ്ഞു. ഗാര്‍ഗിന് ശേഷം ക്രീസിലെത്തിയ അഭിഷേക് ശര്‍മയെ കൂട്ടുപിടിച്ച് വില്യംസണ്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇരുവരെയും തളച്ചു.

അവസാന നാലോവറില്‍ 26 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന് വേണ്ടിവന്നത്. മുസ്താഫിസുര്‍ എറിഞ്ഞ 17-ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സിന് നേടാനായത്. ഇതോടെ വിജയലക്ഷ്യം മൂന്നോവറില്‍ 22 റണ്‍സായി. 

എന്നാല്‍ 18-ാം ഓവറെറിഞ്ഞ സക്കറിയയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സിന്റെ സമ്മര്‍ദം കുറച്ചു. പിന്നാലെ വില്യംസണ്‍ ബൗണ്ടറി കൂടി നേടിയതോടെ മത്സരം സണ്‍റൈസേഴ്‌സിന്റെ കൈയ്യിലായി. തൊട്ടടുത്ത ഓവറില്‍ വില്യംസണ്‍ ടീമിനായി വിജയറണ്‍ നേടി. ഒപ്പം അര്‍ധസെഞ്ചുറിയും കുറിച്ചു. 41 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത വില്യംസണും 16 പന്തുകളില്‍ നിന്ന് 21 റണ്‍സിച്ച അഭിഷേക് ശര്‍മയും പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 

രാജസ്ഥാന് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍, മഹിപാല്‍ ലോംറോര്‍, ചേതന്‍ സക്കറിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തകര്‍ത്തടിച്ച നായകന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.

57 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയോടെ 82 റണ്‍സെടുത്ത സഞ്ജുവിന്റെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ഇന്നിങ്‌സിന്റെ ബലത്തില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു ധവാനെ മറികടന്ന് ഒന്നാമതെത്തി. നിലവില്‍ പത്തുമത്സരങ്ങളില്‍ നിന്ന് 433 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒപ്പം ഐ.പി.എല്ലില്‍ 3000 റണ്‍സ് മറികടക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സ് നേടി ആക്രമിച്ചുകളിക്കാന്‍ ആരംഭിച്ചു. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ എവിന്‍ ലൂയിസിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ രാജസ്ഥാന്റെ ആദ്യ വിക്കറ്റെടുത്തു. നാലുപന്തുകളില്‍ നിന്ന് ആറ് റണ്‍സെടുത്ത ലൂയിസിനെ അബ്ദുള്‍ സമദ് ക്യാച്ചെടുത്ത് പുറത്താക്കി. 

ലൂയിസിന് പകരം യശസ്വി ജയ്‌സ്വാളിന് കൂട്ടായി നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. ഇരുതാരങ്ങളും ശ്രദ്ധയോടെയാണ് കളിച്ചത്. ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. 

സ്‌കോര്‍ 67-ല്‍ നില്‍ക്കേ ജയ്‌സ്വാളിനെ മടക്കി സന്ദീപ് ശര്‍മ ഈ കൂട്ടുകെട്ട് പൊളിച്ചു. അനാവശ്യ ഷോട്ടിന് ശ്രമിച്ച ജയ്‌സ്വാളിനെ സന്ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. 23 പന്തുകളില്‍ നിന്ന് ഒരു സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 36 റണ്‍സാണ് താരം നേടിയത്. 

പിന്നാലെ വന്ന ലിയാം ലിവിങ്സ്റ്റണ്‍ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും നാലുറണ്‍സ് മാത്രമെടുത്ത ലിവിങ്സ്റ്റണെ റാഷിദ് ഖാന്‍ സമദിന്റെ കൈയ്യിലെത്തിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. 

അഞ്ചാമനായി ക്രീസിലെത്തിയ മഹിപാല്‍ ലോംറോറിനെ കൂട്ടുപിടിച്ച് സഞ്ജു ഇന്നിങ്‌സ് നയിച്ചു. 13.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടി. 41 പന്തുകളില്‍ നിന്നാണ് സഞ്ജു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധശതകം കുറിച്ചത്. ലോംറോറിനൊപ്പം സഞ്ജു അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. സിദ്ധാര്‍ഥ് കൗള്‍ എറിഞ്ഞ 16-ാം ഓവറില്‍ 20 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒപ്പം ഐ.പി.എല്ലില്‍ 3000 റണ്‍സും തികച്ചു. 

അര്‍ധശതകം നേടിയശേഷം വെടിക്കെട്ട് ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്. 57 പന്തുകളില്‍ നിന്ന് 82 റണ്‍സെടുത്ത സഞ്ജു അവസാന ഓവറിലാണ് പുറത്തായത്. സിദ്ധാര്‍ത്ഥ് കൗളിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള താരത്തിന്റെ ശ്രമം ജേസണ്‍ ഹോള്‍ഡറുടെ കൈയ്യില്‍ അവസാനിച്ചു. ആദ്യ 50 റണ്‍സെടുക്കാന്‍ സഞ്ജു 41 പന്തുകളെടുത്തപ്പോള്‍ പിന്നീടുള്ള 32 റണ്‍സ് നേടാന്‍ വെറും 16 പന്തുകളേ താരത്തിന് വേണ്ടി വന്നുള്ളൂ. 

മഹിപാല്‍ ലോംറോറിനൊപ്പം 84 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സഞ്ജു ക്രീസ് വിട്ടത്. പിന്നാലെ വന്ന റിയാന്‍ പരാഗ് ആദ്യ പന്തില്‍ തന്നെ കൗളിന് വിക്കറ്റ് നല്‍കി മടങ്ങി. 28 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ലോംറോര്‍ പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്‌സിനായി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിന്റെ തത്സമയവിവരണം താഴെ വായിക്കാം...

Content Highlights: Rajasthan Royals vs Sunrisers Hyderabad IPL live 2021