ദുബായ്:രാജസ്ഥാന്‍ റോയല്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഏഴുവിക്കറ്റിന്റെ ആധികാരിക വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ 17 പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി. അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലും 44 റണ്‍സെടുത്ത ശ്രീകര്‍ ഭരതുമാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ബാംഗ്ലൂര്‍ ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒന്‍പതിന് 149. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 17.1 ഓവറില്‍ മൂന്നിന് 153.

ഈ വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു. മറുവശത്ത് രാജസ്ഥാന്റെ സാധ്യതകള്‍ മങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മാക്‌സ്‌വെല്ലാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തകര്‍ത്തത്. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. രാജസ്ഥാന്‍ ഏഴാമതാണ്.

150 റണ്‍സ് വിജലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടിക്കൊണ്ട് കോലി വരവറിയിച്ചു. സക്കറിയ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ദേവ്ദത്തിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം സഞ്ജു പാഴാക്കി. 

കോലിയും ദേവ്ദത്തും ചേര്‍ന്ന് അതിവേഗത്തില്‍ ബാംഗ്ലൂര്‍ ഇന്നിങ്‌സിനെ നയിച്ചു. ആദ്യ അഞ്ചോവറില്‍ ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ആറാം ഓവറില്‍ 17 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ദേവ്ദത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി മുസ്താഫിസുര്‍ റഹ്മാന്‍ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. 

പിന്നാലെ അപ്രതീക്ഷിതമായി കോലി റണ്‍ ഔട്ടായതോടെ ബാംഗ്ലൂര്‍ അപകടം മണത്തു. 20 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത കോലിയെ തകര്‍പ്പന്‍ ത്രോയിലൂടെ റിയാന്‍ പരാഗാണ് പുറത്താക്കിയത്. രണ്ടുവിക്കറ്റ് വീണ ശേഷം ക്രീസില്‍ ശ്രീകര്‍ ഭരത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒത്തുചേര്‍ന്നു. ആദ്യ പത്തോവറില്‍ 79 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 

വളരെ ശ്രദ്ധയോടെ കളിച്ച ഭരതും മാക്‌സ്‌വെല്ലും ചേര്‍ന്ന് ബാംഗ്ലൂരിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 12.3 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഒപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും ഇവര്‍ പടുത്തുയര്‍ത്തി. 

ഭരത്താണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. മാക്‌സ്‌വെല്‍ അതിനുള്ള അവസരമൊരുക്കി. പിന്നാലെ ട്വന്റി 20 യില്‍ മാക്‌സ്‌വെല്‍ 7000 റണ്‍സ് തികച്ചു. മികച്ച രീതിയില്‍ മുന്നോട്ടുപോകുകയായിരുന്ന ഭരത്-മാക്‌സ്‌വെല്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് മുസ്താഫിസുര്‍ വീണ്ടും രാജസ്ഥാന് പ്രതീക്ഷ പകര്‍ന്നു.

35 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത ഭരതിനെ പുറത്താക്കിയാണ് മുസ്താഫിസുര്‍ ഈ കൂട്ടുകെട്ട് പൊളിച്ചത്. ടീമിനെ വിജയത്തിന്റെ പടിക്കലെത്തിച്ച ശേഷമാണ് ഭരത് ക്രീസില്‍ നിന്ന് മടങ്ങിയത്. ഒപ്പം മാക്‌സ്‌വെല്ലിനൊപ്പം നിര്‍ണായകമായ 69 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ഭരത് പുറത്തായ ശേഷം ആക്രമിച്ച് കളിച്ച മാക്‌സ്‌വെല്‍ അതിവേഗത്തില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഒപ്പം അര്‍ധശതകവും നേടി. 30 പന്തുകളില്‍ നിന്ന് ആറുഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെയാണ് താരം പുറത്താവാതെ 50 റണ്‍സ് നേടിയത്. ഡിവില്ലിയേഴ്‌സാണ് ടീമിന് വേണ്ടി വിജയറണ്‍ നേടിയത്. താരം നാല് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

രാജസ്ഥാന് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. തകര്‍പ്പന്‍ തുടക്കം ലഭിച്ചിട്ടും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. 

രാജസ്ഥാന്‍ മധ്യനിര വീണ്ടും പരാജയമായി. അര്‍ധസെഞ്ചുറി നേടിയ എവിന്‍ ലൂയിസും 31 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ആദ്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്ത രാജസ്ഥാന് പിന്നീടുള്ള 9 ഓവറില്‍ വെറും 49 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ട് വിക്കറ്റുകളും നഷ്ടപ്പെട്ടു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ജശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. അരങ്ങേറ്റ താരം ജോര്‍ജ് ഗാര്‍ട്ടണ്‍ എറിഞ്ഞ നാലാം ഓവറില്‍ എവിന്‍ ലൂയിസ് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 18 റണ്‍സെടുത്തു. 4.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ലൂയിസായിരുന്നു കൂടുതല്‍ അപകടകാരി. 

ബാംഗ്ലൂര്‍ ബൗളര്‍മാരെ അനായാസം നേരിട്ട ലൂയിസ് സ്‌കോര്‍ അതിവേഗത്തില്‍ ഉയര്‍ത്തി. ജയ്‌സ്വാളും നന്നായി കളിച്ചു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റിയന്‍ ബാംഗ്ലൂരിന് ആശ്വാസമേകി. 22 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത ജയ്‌സ്വാളിനെ സിറാജ് ക്യാച്ചെടുത്ത് പുറത്താക്കി. 

ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. പിന്നാലെ എവിന്‍ ലൂയിസ് 31 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കണ്ടെത്തി. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ആദ്യമായാണ് താരം അര്‍ധസെഞ്ചുറി നേടുന്നത്. 11 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 

എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ എവിന്‍ ലൂയിസ് പുറത്തായി. 37 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 58 റണ്‍സെടുത്ത താരത്തെ ഗാര്‍ട്ടണ്‍ പുറത്താക്കി. ഗാര്‍ട്ടന്റെ ആദ്യ ഐ.പി.എല്‍ വിക്കറ്റാണിത്. 

പിന്നാലെ വന്ന മഹിപാല്‍ ലോംറോറിനും പിടിച്ചുനില്‍ക്കാനായില്ല. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ യൂസ്വേന്ദ്ര ചാഹല്‍ പുറത്താക്കി. പിന്നാലെ നായകന്‍ സഞ്ജു കൂടി വീണതോടെ രാജസ്ഥാന്‍ തകര്‍ച്ചയിലേക്ക് വീണു. ഷഹബാസ് അഹമ്മദിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കി മടങ്ങി. 15 പന്തുകളില്‍ നിന്ന് 19 റണ്‍സാണ് താരം നേടിയത്. അതേ ഓവറില്‍ തന്നെ രാഹുല്‍ തെവാത്തിയയെയും പറഞ്ഞയച്ച് ഷഹബാസ് രാജസ്ഥാനെ തകര്‍ത്തു. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത തെവാത്തിയയും ദേവ്ദത്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇതോടെ രാജസ്ഥാന്‍ 117 ന് അഞ്ച് എന്ന നിലയിലായി. 

പിന്നാലെ വന്ന ലിയാം ലിവിങ്സ്റ്റണ്‍ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും രണ്ട് റണ്‍സ് മാത്രെടുത്ത താരം ചാഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച ക്രിസ് മോറിസും പരാഗും ചേര്‍ന്നാണ് ടീം സ്‌കോര്‍ 140 കടത്തിയത്. 

അവസാന ഓവറില്‍ പരാഗ് ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒന്‍പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ ക്രിസ് മോറിസിനെയും മടക്കി ഹര്‍ഷല്‍ രാജസ്ഥാന്റെ എട്ടാം വിക്കറ്റെടുത്തു.14 റണ്‍സെടുത്ത മോറിസിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ പുറത്താക്കി. ഓവറിലെ അവസാന പന്തില്‍ ചേതന്‍ സക്കറിയയെയും പുറത്താക്കി ഹര്‍ഷല്‍ മൂന്നാം വിക്കറ്റ് ആഘോഷിച്ചു.

ബാംഗ്ലൂരിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹബാസ് അഹമ്മദും യൂസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം നേടി. ജോര്‍ജ് ഗാര്‍ട്ടണ്‍, ഡാന്‍ ക്രിസ്റ്റിയന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Rajasthan Royals vs Royal Challengers Bangalore IPL 2021 Live