മുംബൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ കത്തിക്കയറിയ ക്രിസ് മോറിസുമാണ് അവിസ്മരണീയമായ വിജയം രാജസ്ഥാന് സമ്മാനിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ മില്ലറും മോറിസും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മില്ലര്‍ 62 റണ്‍സെടുത്തപ്പോള്‍ മോറിസ് 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി

148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 13 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ മനന്‍ വോറയെ ടീമിന് നഷ്ടമായി. 9 റണ്‍സെടുത്ത വോറയെ ക്രിസ് വോക്‌സ് റബാദയുടെ കൈയ്യിലെത്തിച്ചു. വോറയ്ക്ക് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. 

അതേ ഓവറില്‍ തന്നെ അപകടകാരിയായ ജോസ് ബട്‌ലറെ പുറത്താക്കി ക്രിസ് വോക്‌സ് രാജസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. വെറും രണ്ട് റണ്‍സെടുത്ത ബട്‌ലറെ വോക്‌സ് പന്തിന്റെ കൈയ്യിലെത്തിച്ചു. ബട്‌ലര്‍ പുറത്താകുമ്പോള്‍ മൂന്നോവറില്‍ രണ്ട് വിക്കറ്റിന് 13 എന്ന നിലയിലായി രാജസ്ഥാന്‍.

തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ നായകന്‍ സഞ്ജു സാംസണെ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ച് കഗിസോ റബാദ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. നാല് റണ്‍സെടുത്ത സഞ്ജു പുറത്താകുമ്പോള്‍ 3.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

ഈ ഘട്ടത്തില്‍ ഡേവിഡ് മില്ലറും ശിവം ദുബെയും ഒത്തുചേര്‍ന്നു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും കളിച്ചത്. അതുകൊണ്ടുതന്നെ ബാറ്റിങ് പവര്‍പ്ലേയില്‍ വെറും 26 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 

എന്നാല്‍ ഡല്‍ഹിയുടെ മാരക ബൗളിങ്ങിനുമുന്നില്‍ ദുബെയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഏഴാം ഓവറിലെ നാലാം പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ദുബെയെ പുറത്താക്കി ആവേശ് ഖാന്‍ രാജസ്ഥാന്റെ നാലാം വിക്കറ്റെടുത്തു. ഇതോടെ രാജസ്ഥാന്‍ 36 ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നു. 

പിന്നാലെ വന്ന പരാഗിനും പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ആവേശ് ഖാന്‍ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. പരാഗ് പുറത്താകുമ്പോള്‍ 42 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് ചില മികച്ച ഷോട്ടുകള്‍ കളിച്ച മില്ലര്‍ ടീം സ്‌കോര്‍ 50 കടത്തി. 

ക്രീസിലേക്ക് രാഹുല്‍ തെവാത്തിയ കൂടിയെത്തിയതോടെ രാജസ്ഥാന് വിജയപ്രതീക്ഷ കൈവന്നു. മില്ലര്‍ ആക്രമിച്ച് കളിച്ചപ്പോള്‍ തെവാത്തിയ സിംഗിളുകള്‍ എടുത്ത് അതിനുള്ള അവസരം നല്‍കി. ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ തെവാത്തിയയെ പുറത്താക്കി റബാദ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തുകളില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്. 

തെവാത്തിയ പുറത്തായതിന് പിന്നാലെ മില്ലര്‍ അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നുമാണ് താരം അര്‍ധസെഞ്ചുറി നേടിയത്. താരത്തിന്റെ 10-ാം ഐ.പി.എല്‍ അര്‍ധശതകമാണിത്. അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ ആവേശ് ഖാന്റെ ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പായിച്ച് മില്ലര്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ മൂന്നാം പന്തില്‍ വീണ്ടും സിക്‌സടിക്കാന്‍ ശ്രമിച്ച മില്ലറുടെ ശ്രമം പാളി. പന്ത് നേരെ ലളിത് യാദവിന്റെ കൈയ്യിലെത്തി. 43 പന്തുകളില്‍ നിന്നും ഏഴ് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 62 റണ്‍സ് നേടിയാണ് മില്ലര്‍ ക്രീസ് വിട്ടത്.

പിന്നാലെ ക്രീസിലെത്തിയ ഉനദ്കട്ടും ക്രിസ് മോറിസും ചേര്‍ന്ന് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതോടെ മത്സരം ആവേശത്തിലായി. 19-ാം ഓവര്‍ എറിഞ്ഞ റബാദയുടെ രണ്ട് പന്തുകള്‍ സിക്‌സിന് പായിച്ച് മോറിസ് കളി രാജസ്ഥാന് അനുകൂലമാക്കി. 

ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ മോറിസ് രണ്ടാം പന്തില്‍ ഒരു പടുകൂറ്റന്‍ സിക്‌സ് നേടി. ഇതോടെ രാജസ്ഥാന് അവസാന നാലുപന്തില്‍ നാല് റണ്‍സ് എന്നതായി വിജയലക്ഷ്യം. എന്നാല്‍ മൂന്നാം പന്തില്‍ റണ്‍സ് നേടാന്‍ മോറിസിന് സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ വീണ്ടും സിക്‌സ് നേടി ക്രിസ് മോറിസ് അവിശ്വസനീയമായ വിജയം രാജസ്ഥാന് സമ്മാനിച്ചു. 

ക്രിസ് മോറിസ് 18 പന്തുകളില്‍ നിന്നും നാല് സിക്‌സിന്റെ അകമ്പടിയോടെ 36 റണ്‍സും ഉനദ്കട്ട് 11 റണ്‍സും നേടി പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്കായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സും കഗിസോ റബാദയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. 

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിലൊതുക്കിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഋഷഭ് പന്ത് മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പൃഥ്വി ഷായെ മടക്കി ജയ്‌ദേവ് ഉനദ്കട്ട് ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ച് പന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ഷായെ ഉനദ്കട് ഡേവിഡ് മില്ലറുടെ കൈയ്യിലെത്തിച്ചു. ഇതോടെ രണ്ടോവറില്‍ അഞ്ചുറണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായി ഡല്‍ഹി. 

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉനദ്കട്ട് ശിഖര്‍ ധവാനെ പുറത്താക്കി. 11 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകന്‍ സഞ്ജു സാംസണ്‍ പുറത്താക്കി. ഇതോടെ 3.1 ഓവറില്‍ 16 ന് രണ്ട് എന്ന സ്‌കോറിലേക്ക് ഡല്‍ഹി വീണു.

പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. വൈകാതെ രഹാനെയെ പുറത്താക്കി ഉനദ്കട്ട് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ആറാം ഓവറിലെ അവസാന പന്തില്‍ മികച്ച ഒരു സ്ലോ ബോളിലൂടെ രഹാനെയെ ഉനദ്കട്ട് തന്നെ പിടിച്ച് പുറത്താക്കി. വെറും എട്ട് റണ്‍്‌സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങ് പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഡല്‍ഹി മൂന്നു വിക്കറ്റിന് 36 റണ്‍സ് എന്ന നിലയിലായി. 

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുര്‍ റഹ്മാന്‍ ഡല്‍ഹിയെ തകര്‍ത്തു. മികച്ച ഒരു സ്ലോ ബോളിലൂടെ സ്‌റ്റോയിനിസ് പുറത്താവുമ്പോള്‍ 37 ന് നാല് എന്ന ദാരുണമായ നിലയിലായി ഡല്‍ഹി. പിന്നീട് ഒത്തുചേര്‍ന്ന പന്ത്-ലളിത് യാദവ് സഖ്യം ടീം സ്‌കോര്‍ 50 കടത്തി.

രാഹുല്‍ തെവാത്തിയ എറിഞ്ഞ 11-ാം ഓവറില്‍ നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടി ഋഷഭ് പന്ത് സ്‌കോര്‍ ഉയര്‍ത്തി. വൈകാതെ താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 30 പന്തുകളില്‍ നിന്നുമാണ് താരം ഐ.പി.എല്‍ കരിയറിലെ 13-ാം അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്. പിന്നാലെ ലളിതിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. 

12-ാം ഓവറിലെ നാലാം പന്തില്‍ അനാവശ്യ റണ്ണിന് ഓടിയ പന്ത് റണ്‍ ഔട്ടായി പുറത്തായി. 32 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്താണ് താരം മടങ്ങിയത്. പന്ത് പുറത്താകുമ്പോള്‍ ഡല്‍ഹി 88 ന് അഞ്ച് എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ടോം കറനെ കൂട്ടുപിടിച്ച് ലളിത് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ ലളിതിനെ തെവാത്തിയയുടെ കൈയ്യിലെത്തിച്ച് ക്രിസ് മോറിസ് ഡല്‍ഹിയുടെ ആറാം വിക്കറ്റ് വീഴ്ത്തി. 20 റണ്‍സാണ് അരങ്ങേറ്റ മത്സരത്തില്‍ ലളിത് നേടിയത്. 

അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്‌സും ചേര്‍ന്നാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ടോം കറന്‍ 21 റണ്‍സും വോക്‌സ് 15 റണ്‍സുമെടുത്തു. മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല.

രാജസ്ഥാന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി. മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Rajasthan Royals vs Delhi Capitals 2021 IPL