ഷാര്‍ജ: ആവേശകരമായ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ച്‌ റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍125 റണ്‍സെടുത്തു. മറുപടി ബാറ്റിം​ഗിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റണ്സെടുക്കാനെ സാധിച്ചുള്ളു. 

126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ പുറത്താക്കി ഷമി സണ്‍റൈസേഴ്‌സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത വാര്‍ണര്‍ ഈ മത്സരത്തിലും പരാജയപ്പെട്ടു. മൂന്നാം ഓവറില്‍ വീണ്ടും വിക്കറ്റ് വീഴ്ത്തി ഷമി സണ്‍റൈസേഴ്‌സിനെ തകര്‍ത്തു. ഒരുറണ്‍സ് മാത്രമെടുത്ത അപകടകാരിയായ സണ്‍റൈസേഴ്‌സ് നായകന്‍ വില്യംസണെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഇതോടെ ടീം സ്‌കോര്‍ 10 ന് രണ്ട് എന്ന നിലയിലായി.

പിന്നീട് മനീഷ് പാണ്ഡെയെയും കേദാർ ജാദവിനെയും അബ്ദുൾ സമദിനെയും രവി ബിഷ്ണോയ് മടക്കിയപ്പോൾ 60ന് അഞ്ച് എന്ന നിലയിലേക്ക് സണ്‍റൈസേഴ്‌സ് കൂപ്പുകുത്തി.

സാഹയും ഹോള്‍ഡറും ചേര്‍ന്ന് ആറാം വിക്കറ്റിൽ 32 കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സാഹ 31 റൺസെടുത്ത് റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ജേസൺ ഹോള്‍ഡറുടെ ബാറ്റിംഗ് മികവിൽ സണ്‍റൈസേഴ്‌സ് മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പച്ചെങ്കിലും അഞ്ച്‌ റൺസകലെ വിജയം കെെവിടുകയായിരുന്നു. 

അവസാന ഓവറിൽ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. നഥാന്‍ എല്ലിസിനെ രണ്ടാം പന്തിൽ സിക്സര്‍ പറത്തി ലക്ഷ്യം 4 പന്തിൽ 10 ആക്കി മാറ്റിയെങ്കിലും പിന്നീടുള്ള പന്തുകളിൽ വലിയ ഷോട്ടുകള്‍ നേടാനാകാതെ മത്സരം കെെവിടുകയായിരുന്നു. പഞ്ചാബിന് വേണ്ടി രവി ബിഷ്ണോയി മൂന്നും മുഹമ്മദ് ഷമി നാലും വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ വിശ്വസ്തരായ ഓപ്പണര്‍മാരായ നായകന്‍ കെ.എല്‍.രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും പഞ്ചാബിന് നഷ്ടമായി. ഒരേ ഓവറില്‍ ഇരുവരെയും മടക്കി ജേസണ്‍ ഹോള്‍ഡറാണ് പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 

സ്‌കോര്‍ 26-ല്‍ നില്‍ക്കേ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ വെറും അഞ്ചുറണ്‍സ് മാത്രമെടുത്ത മായങ്ക് കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറിലെ അഞ്ചാം പന്തില്‍ രാഹുലിനെയും മടക്കി ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ തുടക്കമേകി. 21 റണ്‍സാണ് പഞ്ചാബ് നായകന്‍ നേടിയത്. 

ഓപ്പണര്‍മാര്‍ പുറത്തായശേഷം ക്രീസിലൊന്നിച്ച ക്രിസ് ഗെയ്‌ലും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് പഞ്ചാബ് സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റുവീശിയത്. എന്നാല്‍ സ്‌കോര്‍ 57-ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് ഖാന്‍ പഞ്ചാബിന്റെ മൂന്നാം വിക്കറ്റെടുത്തു. 14 റണ്‍സ് മാത്രമാണ് യൂണിവേഴ്‌സല്‍ ബോസിന് നേടാനായത്. 

പിന്നാലെ വന്ന മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരമായ അപകടകാരിയായ നിക്കോളാസ് പൂരാനെ മടക്കി സന്ദീപ് ശര്‍മ പഞ്ചാബിനെ തകര്‍ത്തു. എട്ട് റണ്‍സ് മാത്രമെടുത്ത പൂരാനെ ശര്‍മ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 66 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. വൈകാതെ അവസാന പ്രതീക്ഷയായ മാര്‍ക്രവും പവലിയനിലേക്ക് മടങ്ങി. അബ്ദുള്‍ സമദിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള മാര്‍ക്രത്തിന്റെ ശ്രമം മനീഷ് പാണ്ഡെയുടെ കൈയ്യില്‍ അവസാനിച്ചു. 32 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത് താരം പുറത്താകുമ്പോള്‍ സ്‌കോര്‍ 88-ല്‍ മാത്രമാണ് എത്തിയത്. 

പിന്നാലെ ദീപക് ഹൂഡയെ മടക്കി ഹോള്‍ഡര്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷമാക്കി. ഹൂഡയുടെ ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ സബ്സ്റ്റിറ്റിയൂട്ട് സുജിത്ത് കൈപ്പിടിയിലൊതുക്കി. വെറും 13 റണ്‍സ് മാത്രമാണ് ഹൂഡയുടെ സമ്പാദ്യം. പിന്നീട് ക്രീസിലൊന്നിച്ച ഹര്‍പ്രീതും നതാന്‍ എല്ലിസും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. 17-ാം ഓവറിലാണ് പഞ്ചാബ് 100 റണ്‍സ് മറികടന്നത്. അവസാന ഓവറില്‍ 12 റണ്‍സെടുത്ത എല്ലിസ് ഭുവനേശ്വറിന് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍പ്രീത് 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, റാഷിദ് ഖാന്‍, അബ്ദുള്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

Content Highlights: Punjab Kings vs Sunrisers Hyderabad IPL 2021 Live