ദുബായ്: നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറുവിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 115. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ നാലിന് 119.

ഈ വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് ഒരുപടികൂടി അടുത്തു. 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധശതകമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ചുരുങ്ങിയ സ്‌കോറിന് സണ്‍റൈസേഴ്‌സിനെ തളച്ച കൊല്‍ക്കത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായകമായി. കൊല്‍ക്കത്തയെ വിറപ്പിച്ച ശേഷമാണ് സണ്‍റൈസേഴ്‌സ് കീഴടങ്ങിയത്. 

116 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 23-ല്‍ നില്‍ക്കേ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. അനാവശ്യ ഷോട്ടിന് ശ്രമിച്ച അയ്യരെ വില്യംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കി. വെറും എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 

പിന്നാലെ വന്ന രാഹുല്‍ ത്രിപാഠിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും ഏഴുറണ്‍സെടുത്ത താരത്തെ റാഷിദ് ഖാന്‍ അഭിഷേക് ശര്‍മയുടെ കൈയ്യിലെത്തിച്ചു. ഇതോടെ കൊല്‍ക്കത്ത അപകടം മണത്തു. 

രാഹുലിന് പകരം ക്രീസിലെത്തിയ നിതീഷ് റാണ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഇതോടെ റണ്‍റേറ്റ് കുത്തനെ കുറഞ്ഞു. ആദ്യ പത്തോവറില്‍ കൊല്‍ക്കത്തയ്ക്ക് വെറും 44 റണ്‍സ് മാത്രമാണ് നേടാനായത്. 

പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിക്കൊണ്ട് ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയെ മുന്നില്‍ നിന്ന് നയിച്ചു. പിന്നാലെ താരം ഐ.പി.എല്ലിലെ തന്റെ എട്ടാം അര്‍ധശതകവും കുറിച്ചു. 44 പന്തുകളില്‍ നിന്നാണ് ഗില്‍ അര്‍ധശതകം നേടിയത്. നിതീഷ് റാണയും പതിയേ ഫോമിലേക്കുയര്‍ന്നതോടെ കൊല്‍ക്കത്ത വിജയപ്രതീക്ഷ തിരിച്ചുപിടിച്ചു. റാണയും ഗില്ലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 

എന്നാല്‍ ടീം സ്‌കോര്‍ 93-ല്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 51 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്‍സെടുത്ത താരത്തെ സിദ്ധാര്‍ഥ് കൗള്‍ ജേസണ്‍ ഹോള്‍ഡറുടെ കൈയ്യിലെത്തിച്ചു. 

ഗില്ലിന് പകരം ദിനേശ് കാര്‍ത്തിക് ക്രീസിലെത്തി. അവസാന മൂന്നോവറില്‍ 18 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. ഹോള്‍ഡര്‍ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ കാര്‍ത്തിക് നേടിയ സിംഗിളിലൂടെ കൊല്‍ക്കത്ത ടീം സ്‌കോര്‍ 100 കടന്നു. ആ ഓവറില്‍ കൊല്‍ക്കത്ത ഏഴ് റണ്‍സ് നേടിയെങ്കിലും നിതീഷ് റാണയുടെ വിക്കറ്റ് നഷ്ടമായി. 33 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത റാണയെ ഹോള്‍ഡര്‍ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈയ്യിലെത്തിച്ചു. 

അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം പത്തായി മാറി. റാണയ്ക്ക് പകരം നായകന്‍ മോര്‍ഗന്‍ ക്രീസിലെത്തി. ഭുവനേശ്വര്‍ കുമാര്‍ ചെയ്ത 19-ാം ഓവറില്‍ ഏഴ് റണ്‍സ് പിറന്നു. ഇതോടെ അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം വെറും മൂന്ന് റണ്‍സായി ചുരുങ്ങി. സിദ്ധാര്‍ഥ് കൗള്‍ ചെയ്ത അവസാന ഓവറില്‍ രണ്ട് പന്തുകള്‍ ശേഷിക്കേ മോര്‍ഗനും കാര്‍ത്തിക്കും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. കാര്‍ത്തിക് 18 റണ്‍സും മോര്‍ഗന്‍ രണ്ട് റണ്‍സും നേടി പുറത്താവാതെ നിന്നു. കാര്‍ത്തിക് ഈ മത്സരത്തിലെ പ്രകടനത്തോടെ ഐ.പി.എല്ലില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്നു. 

സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 115 റണ്‍സ് മാത്രമാണ് നേടാനായത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളിങ് നിര സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരെ വട്ടം കറക്കി. 

26 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 25 റണ്‍സ് നേടിയ അബ്ദുള്‍ സമദും മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ പിടിച്ചുനിന്നത്. അഞ്ച് ബാറ്റര്‍മാര്‍ രണ്ടക്കം പോലും കണ്ടില്ല. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ തന്നെ ഓപ്പണറായ വൃദ്ധിമാന്‍ സാഹയെ വിക്കറ്റിനുമുന്നില്‍ കുടുക്കി ടിം സൗത്തി കൊല്‍ക്കത്തയ്ക്ക് സ്വപ്‌നത്തുടക്കം സമ്മാനിച്ചു. ഗോള്‍ഡന്‍ ഡക്കായാണ് സാഹ മടങ്ങിയത്. 

പിന്നാലെ മറ്റൊരു ഓപ്പണറായ ജേസണ്‍ റോയിയെ മടക്കി ശിവം മാവി സണ്‍റൈസേഴ്‌സിന്റെ രണ്ടാം വിക്കറ്റ് പിഴുതെടുത്തു. 13 പന്തുകളില്‍ നിന്ന് 10 റണ്‍സെടുത്ത റോയിയെ മാവി സൗത്തിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സണ്‍റൈസേഴ്‌സ് 16 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നാലെ വന്ന വില്യംസണ്‍ നന്നായി കളിച്ചതോടെ വലിയ തകര്‍ച്ചയില്‍ നിന്ന് സണ്‍റൈസേഴ്‌സ് കരകയറി. ബാറ്റിങ് പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തു.

എന്നാല്‍ ഏഴാം ഓവറില്‍ വില്യംസണ്‍ റണ്‍ ഔട്ടായത് സണ്‍റൈസേഴ്‌സിന് തിരിച്ചടി സമ്മാനിച്ചു. 21 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത വില്യംസണെ ഷാക്കിബ് അല്‍ ഹസ്സനാണ് മടക്കിയത്. ഇതോടെ സണ്‍റൈസേഴ്‌സ് 38 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. 

പിന്നാലെ വന്ന യുവതാരം അഭിഷേക് ശര്‍മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഷാക്കിബിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച താരത്തെ ദിനേശ് കാര്‍ത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. വെറും ആറുറണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നീട് ക്രീസിലൊന്നിച്ച പ്രിയം ഗാര്‍ഗും അബ്ദുള്‍ സമദും ചേര്‍ന്ന് ടീം സ്‌കോര്‍ 70 കടത്തി. സണ്‍റൈസേഴ്‌സ് കരകയറുമെന്ന് തോന്നിച്ചെങ്കിലും കൃത്യസമയത്ത് പ്രിയം ഗാര്‍ഗിനെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. 21 റണ്‍സെടുത്ത ഗാര്‍ഗ് സിക്‌സടിക്കാന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ നിന്ന് പന്ത് രാഹുല്‍ ത്രിപാഠി കൈയ്യിലൊതുക്കി. 

ഗാര്‍ഗിന് പകരം ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന സമദ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 

എന്നാല്‍ 18 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെ അകമ്പടിയോടെ 25 റണ്‍സെടുത്ത സമദിനെ പുറത്താക്കി സൗത്തി സണ്‍റൈസേഴ്‌സിനെ തകര്‍ത്തു. സമദിന് പുറകേവന്ന റാഷിദ് ഖാനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വെറും എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ശിവം മാവി പുറത്താക്കി. ഏഴ് റണ്‍സ് വീതമെടുത്ത ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ഥ് കൗളും പുറത്താവാതെ നിന്നു. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.  

Content Highlights: Kolkata Knight Riders vs Sunrisers Hyderabad IPL 2021 live