അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ചുവിക്കറ്റിന്റെ അനായാസ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത 16.4 ഓവറില്‍ വിജയത്തിലെത്തി. 

നായകന്‍ ഒയിന്‍ മോര്‍ഗന്റെയും രാഹുല്‍ ത്രിപതിയുടെയും ബാറ്റിങ് മികവിലാണ് കൊല്‍ക്കത്ത അനായാസ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്.

124 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ വിശ്വസ്തനായ നിതീഷ് റാണയെ മടക്കി മോയിസ് ഹെന്റിക്കസ് കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നല്‍കി നിതീഷ് റാണ മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിലെ അഞ്ചാം പന്തില്‍ 9 റണ്‍സെടുത്ത മറ്റൊരു ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 9 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് കൊല്‍ക്കത്ത കൂപ്പുകുത്തി.

മൂന്നാം ഓവറില്‍ സുനില്‍ നരെയ്ന്‍ കൂടി പുറത്തായതോടെ കൊല്‍ക്കത്ത പതറി. അര്‍ഷ്ദീപിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള നരെയ്‌നിന്റെ ശ്രമം പാളി. ഉഗ്രന്‍ ക്യാച്ചിലൂടെ രവി ബിഷ്‌ണോയി റണ്‍സൊന്നുമെടുക്കാത്ത നരെയ്‌നിനെ പുറത്താക്കി. ഇതോടെ 3 ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൊല്‍ക്കത്ത വീണു. 

പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍ ത്രിപതിയും നായകന്‍ ഒയിന്‍ മോര്‍ഗനും ചേര്‍ന്ന് കൊല്‍ക്കത്തയെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 42-ല്‍ എത്തിച്ചു. 

വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. മികച്ച രീതിയില്‍ മുന്നോട്ടുപോകുകയായിരുന്ന രാഹുല്‍ ത്രിപതിയുടെ വിക്കറ്റെടുത്ത് ദീപക് ഹൂഡ പഞ്ചാബിന് ആശ്വാസം പകര്‍ന്നു. 32 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്ത ത്രിപതി മോര്‍ഗനൊപ്പം 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്. 

രാഹുലിന് പകരം ആന്ദ്രെ റസ്സല്‍ ക്രീസിലെത്തി. എന്നാല്‍ 10 റണ്‍സ് മാത്രമെടുത്ത വെടിക്കെട്ട് താരം റസ്സല്‍ 15-ാം ഓവറില്‍ റണ്‍ ഔട്ടായി. ഇതോടെ 98 റണ്‍സെടുക്കുന്നതിനിടേ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. 

എന്നാല്‍ ഒരറ്റത്ത് അനായാസേന ബാറ്റ് ചെയ്ത മോര്‍ഗന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. മോര്‍ഗന്‍ 40 പന്തുകളില്‍ നിന്നും 47 റണ്‍സെടുത്തും ദിനേഷ് കാര്‍ത്തിക്ക് 12 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

പഞ്ചാബിനായി മോയിസ് ഹെന്റിക്കസ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് പേരുകേട്ട പഞ്ചാബ് ബാറ്റിങ് നിരയെ തകര്‍ത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി കരുതലോടെയാണ് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും മായങ്ക് അഗര്‍വാളും കളിച്ചത്. ആദ്യ അഞ്ചോവറില്‍ വെരും 29 റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും ചേര്‍ന്ന് നേടാനായത്. 

തൊട്ടടുത്ത ഓവറില്‍ നായകന്‍ രാഹുലിനെ മടക്കി പാറ്റ് കമ്മിന്‍സ് പഞ്ചാബിന്റെ ആദ്യ വിക്കറ്റെടുത്തു. 20 പന്തുകളില്‍ നിന്നും 19 റണ്‍സെടുത്ത താരത്തിന്റെ ഷോട്ട് സുനില്‍ നരെയ്‌നിന്റെ കൈയ്യിലൊതുങ്ങി. 

പിന്നാലെ വന്ന ക്രിസ് ഗെയ്ല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ശിവം മാവിയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. ഇതോടെ പഞ്ചാബ് 38 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. രണ്ട് വിക്കറ്റ് തുടരെ വീണതോടെ പഞ്ചാബ് സമ്മര്‍ദത്തിലായി. സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു. 

ഗെയ്‌ലിന് പിന്നാലെ വന്ന ദീപക് ഹൂഡയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത ദീപക് ഹൂഡയെ പ്രസിദ്ധ് കൃഷണ മടക്കി. ഇതോടെ പഞ്ചാബ് 42 ന് മൂന്ന് എന്ന നിലയിലേക്ക് വീണു. 

പിന്നീട് സ്‌കോര്‍ ഉയര്‍ത്താന്‍ മായങ്ക് ശ്രമിച്ചെങ്കിലും സ്‌കോര്‍ 60-ല്‍ നില്‍ക്കേ 34 പന്തുകളില്‍ നിന്നും 31 റണ്‍സെടുത്ത താരത്തെ സുനില്‍ നരെയ്ന്‍ പുറത്താക്കി. പിന്നീട് ക്രീസില്‍ നിക്കോളാസ് പൂരനും മോയിസ് ഹെന്റിക്കസും ഒത്തുചേര്‍ന്നു.

എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് നരെയ്ന്‍ വീണ്ടും പഞ്ചാബ് ബാറ്റിങ്ങില്‍ വിള്ളല്‍ വീഴ്ത്തി. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ നരെയ്ന്‍ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ 19 റണ്‍സെടുത്ത പൂരനെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 79 ന് ആറ് വിക്കറ്റ് എന്ന ദാരുണമായ സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന ഷാരൂഖ് ഖാന്‍ 13 റണ്‍സെടുത്തെങ്കിലും താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. ഇതോടെ പഞ്ചാബ് സ്‌കോര്‍ 95 ന് ഏഴ് എന്നായി. പിന്നാലെവന്ന രവി ബിഷ്‌ണോയിയെ മടക്കി പാറ്റ് കമ്മിന്‍സ് പഞ്ചാബിന്റെ എട്ടാം വിക്കറ്റ് പിഴുതു. 

18-ാം ഓവറിലെ രണ്ടാം പന്തിലാണ് പഞ്ചാബ് സ്‌കോര്‍ 100 കടന്നത്. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ക്രിസ് ജോര്‍ഡനാണ് പഞ്ചാബിനെ മൂന്നക്കം കടക്കാന്‍ സഹായിച്ചത്. 18 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്ത ജോര്‍ഡന്‍ അവസാന ഓവറിലെ നാലാം പന്തിലാണ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം മാവി വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Kolkata Knight Riders vs Punjab Kings 2021 IPL live blog