അബുദാബി: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങി ഓള്‍റൗണ്ട് മികവിലൂടെയാണ് കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ചത്. 

മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയും യുവതാരം വെങ്കടേഷ് അയ്യരുമാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ആറുവിക്കറ്റിന് 155. കൊല്‍ക്കത്ത: 15.1 ഓവറില്‍ മൂന്നുവിക്കറ്റിന് 159.

രാഹുല്‍ ത്രിപാഠി 42 പന്തുകളില്‍ നിന്ന് 74 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ വെങ്കടേഷ് അയ്യര്‍ 53 റണ്‍സെടുത്തു.

ഈ വിജയത്തോടെ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു.മുംബൈ ആറാം സ്ഥാനത്തേക്ക് വീണു. സീസണിലെ ആദ്യ പാദ മത്സരത്തില്‍ മുംബൈ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള മധുര പ്രതികാരമായി കൊല്‍ക്കത്തയ്ക്ക് ഈ വിജയം. 

156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരുമാണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും തകര്‍പ്പന്‍ തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് 15 റണ്‍സ് അടിച്ചെടുത്തു. ഗില്ലിന്റെ 50-ാം ഐ.പി.എല്‍ മത്സരമാണിത്. വെറും മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 40-ല്‍ എത്തിച്ചു. 

എന്നാല്‍ മൂന്നാം ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 9 പന്തുകളില്‍ നിന്ന് 13 റണ്‍സാണ് താരമെടുത്തത്. എന്നാല്‍ മറുവശത്ത് അനായാസം ബാറ്റ് ചെയ്ത അയ്യര്‍ പുതുതായി ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ച് കൊല്‍ക്കത്ത സ്‌കോര്‍ മുന്നോട്ടുനയിച്ചു. വെറും 4.3 ഓവറില്‍ ടീം സ്‌കോര്‍ 50 ല്‍ എത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ കൊല്‍ക്കത്ത ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തു.

ത്രിപാഠിയും നന്നായി ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ കൊല്‍ക്കത്ത സ്‌കോര്‍ കുതിച്ചു. ആദ്യ പത്തോവറില്‍ 111 റണ്‍സാണ് കൊല്‍ക്കത്ത നേടിയെടുത്തത്. പിന്നാലെ വെങ്കടേഷ് അയ്യര്‍ ഐ.പി.എല്ലിലെ തന്റെ കന്നി അര്‍ധശതകം പൂര്‍ത്തിയാക്കി. വെറും 25 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. താരത്തിന്റെ രണ്ടാമത്തെ മാത്രം ഐ.പി.എല്‍ മത്സരമാണിത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. വൈകാതെ രാഹുലും അര്‍ധശതകം പൂര്‍ത്തിയാക്കി. 29 പന്തുകളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 

അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് അയ്യര്‍ പുറത്തായി. ബുംറയാണ് താരത്തിന്റെ കുറ്റി പിഴുതെടുത്തത്. 30 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്ത് തലയുയര്‍ത്തിയാണ് അയ്യര്‍ ക്രീസ് വിട്ടത്. 

അയ്യര്‍ക്ക് പകരം നായകന്‍ മോര്‍ഗന്‍ ക്രീസിലെത്തി. മോര്‍ഗനെ സാക്ഷിയാക്കി രാഹുല്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ഈ മത്സരത്തിലും കൊല്‍ക്കത്ത നായകന്‍ പരാജയമായി. വെറും ഏഴ് റണ്‍സെടുത്ത മോര്‍ഗന്‍ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

മോര്‍ഗന് ശേഷം ക്രീസിലെത്തിയ നിതീഷ് റാണ ഫോറടിച്ചുകൊണ്ട് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. 42 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും എട്ട് ഫോറിന്റെയും സഹായത്തോടെ 74 റണ്‍സെടുത്ത് രാഹുലും അഞ്ചുറണ്‍സെടുത്ത നിതീഷ് റാണയും പുറത്താവാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റും വീഴ്ത്തിയത് ബുംറയാണ്. മറ്റൊരു ബൗളര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റർ ക്വിന്റണ്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോര്‍ കണ്ടെത്താന്‍ മുംബൈയ്ക്ക് സാധിച്ചില്ല.

ആദ്യ ഓവറുകളില്‍ നന്നായി റണ്‍സ് വഴങ്ങിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന കൊല്‍ക്കത്ത ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‌കോറിന് പിടിച്ചുനിര്‍ത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്കും നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാറ്റ്‌സ്മാന്‍ നിതീഷ് റാണയെയാണ് ആദ്യ ഓവര്‍ എറിയാനായി കൊല്‍ക്കത്ത നായകന്‍ മോര്‍ഗന്‍ തിരഞ്ഞെടുത്തത്. ആദ്യ ഓവറില്‍ താരം അഞ്ചുറണ്‍സ് വഴങ്ങി. ശ്രദ്ധയോടെയാണ് രോഹിതും ഡി കോക്കും തുടങ്ങിയത്. മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മത്സരത്തില്‍ 18 റണ്‍സ് നേടിയതോടെ രോഹിത് കൊല്‍ക്കത്തയ്‌ക്കെതിരേ 1000 റണ്‍സ് തികച്ചു. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരേ ആദ്യമായാണ് ഒരു താരം 1000 റണ്‍സ് നേടുന്നത്.  

കൊല്‍ക്കത്ത ബൗളര്‍മാരെ നന്നായി രോഹിതും ഡി കോക്കും ചേര്‍ന്ന് 5.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി ടീമിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. ഡി കോക്കാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ പത്താം ഓവറിലെ രണ്ടാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു.

30 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് നരെയ്ന്‍ മടക്കിയത്. സിക്‌സ് നേടാനുള്ള രോഹിത്തിന്റെ ശ്രമം ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യില്‍ അവസാനിച്ചു. രോഹിത്തിന് പകരം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് മുംബൈ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു.

തുടക്കത്തില്‍ പതറിയെങ്കിലും മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു. സുനില്‍ നരെയ്‌നിന്റെയും മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും സ്പിന്‍ ബൗളിങ്ങിനെ വളരെ ശ്രദ്ധയോടെയാണ് മുംബൈ നേരിട്ടത്. 

എന്നാല്‍ വീണ്ടും വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത മത്സരത്തില്‍ പിടിമുറുക്കി. വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവിനെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ മുംബൈ 89 ന് രണ്ട് എന്ന നിലയിലായി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും തളരാതെ പിടിച്ചുനിന്ന ക്വിന്റണ്‍ ഡി കോക്ക് വൈകാതെ ഐ.പി.എല്ലിലെ 16-ാം അര്‍ധശതകം പൂര്‍ത്തിയാക്കി. 37 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഡി കോക്ക് 14-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പക്ഷേ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു.

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഡി കോക്കിനെ മടക്കി പ്രസിദ്ധ് വീണ്ടും മുംബൈയ്ക്ക് അപകടം വിതച്ചു. 42 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത ഡി കോക്കിനെ പ്രസിദ്ധ്‌സുനില്‍ നരെയ്‌നിന്റെ കൈയ്യിലെത്തിച്ചു. ആക്രമിച്ച് കൡക്കാന്‍ ശ്രമിച്ചാണ് ഡി കോക്ക് പുറത്തായത്. 

ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ പൊള്ളാര്‍ഡും കിഷനും ആക്രമിച്ച് കളിച്ച് അവസാന അഞ്ചോവറില്‍ സ്‌കോറിങ്ങിന് വേഗം കൂട്ടാനാണ് ശ്രമിച്ചത്. പക്ഷേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കിഷന്‍ പുറത്തായത് മുംബൈയ്ക്ക് തിരച്ചടി സമ്മാനിച്ചു. 13 പന്തുകളില്‍ നിന്ന് 14 റണ്‍സെടുത്ത കിഷന്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സ് നേടാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പന്ത് അനായാസം റസ്സല്‍ കൈയ്യിലൊതുക്കി. 

കിഷന്‍ മടങ്ങിയതോടെ പൊള്ളാര്‍ഡ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ക്രുനാല്‍ പാണ്ഡ്യ കൂടി ക്രീസിലെത്തിയതോടെ മുംബൈ സ്‌കോര്‍ മുന്നോട്ടുകുതിച്ചു. എന്നാല്‍ അവസാന ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച പൊള്ളാര്‍ഡ് റണ്‍ ഔട്ടായി. 15 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ക്രുനാല്‍ പാണ്ഡ്യയും പുറത്തായി. 12 റണ്‍സെടുത്ത താരത്തെ ഫെര്‍ഗൂസന്‍ വെങ്കടേഷ് അയ്യരുടെ കൈയ്യിലെത്തിച്ചു. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Kolkata Knight Riders vs Mumbai Indians 2021 IPL Live