ചെന്നൈ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 

കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

44 പന്തില്‍ നിന്ന് 3 സിക്‌സും 2 ഫോറുമടക്കം 61 റണ്‍സെടുത്ത മനീഷ് പാണ്ഡെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 

188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 10 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (3), വൃദ്ധിമാന്‍ സാഹ (7) എന്നിവരെ അവര്‍ക്ക് നഷ്ടമായി. 

പിന്നാലെ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ - മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 55 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

മുഹമ്മദ് നബി (14), വിജയ് ശങ്കര്‍ (11) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 

കൊല്‍ക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ നിതിഷ് റാണയും രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 

റാണ 56 പന്തുകള്‍ നേരിട്ട് നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 80 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും നിതിഷ് റാണയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തില്‍ 53 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 റണ്‍സെടുത്ത ഗില്ലിന്റെ കുറ്റി തെറിപ്പിച്ച് റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഗില്‍ പുറത്തായ ശേഷമെത്തിയ രാഹുല്‍ ത്രിപാഠിയും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റില്‍ നിതിഷ് റാണയ്‌ക്കൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുല്‍ പുറത്തായത്. 29 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം രാഹുല്‍ 53 റണ്‍സെടുത്തു. 

പിന്നാലെയെത്തിയ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസ്സലിന് അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഓയിന്‍ മോര്‍ഗന്‍ രണ്ടു റണ്‍സെടുത്ത് പുറത്തായി. 

ദിനേഷ് കാര്‍ത്തിക്ക് ഒമ്പത് പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു.

സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Sunrisers Hyderabad against Kolkata Knight Riders Live Updates