ന്യൂഡല്‍ഹി:  ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് വിജയം. ജോസ് ബട്‌ലറുടേയും സഞ്ജും സാംസണ്‍ന്റേയും ബാറ്റിങ് മികവിലായിരുന്നു രാജസ്ഥാന്റെ തേരോട്ടം. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 220 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 

12 റണ്‍സെടുത്ത യശ്വസി ജയ്‌സാള്‍ പുറത്തായശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്‌ലറും സഞ്ജു സാംസണും 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സഞ്ജു നാല് ഫോറും രണ്ടു സിക്‌സും സഹിതം 33 പന്തില്‍ 48 റണ്‍സ് അടിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ 64 പന്തില്‍ നിന്നാണ് 124 റണ്‍സ് അടിച്ചുകൂട്ടിയത്. 11 ഫോറും എട്ടു സിക്‌സും ബട്‌ലറുടെ ബാറ്റില്‍ നിന്ന് പിറന്നു. എട്ടു പന്തില്‍ 15 റണ്‍സോടെ റിയാന്‍ പരാഗും മൂന്നു പന്തില്‍ ഏഴു റണ്‍സുമായി ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങില്‍ മുസ്തഫിസുര്‍ റഹ്മാന്റേയും ക്രിസ് മോറിസിന്റേയും ബാറ്റിങ്ങില്‍ ഹൈദരാബാദ് തളര്‍ന്നു. 57 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് പോയ ഹൈദരാബാദിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മനീഷ് പാണ്ഡെ 31 റണ്‍സും ജോണി ബെയര്‍സ്‌റ്റോ 30 റണ്‍സും നേടിയ പിന്നീട് കെയ്ന്‍ വില്ല്യംസണ്‍ 20 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ കേദര്‍ ജാദവ് 19 റണ്‍സിന് പുറത്തായി. വിജയ് ശങ്കര്‍ എട്ടു റണ്‍സാണെടുത്തത്. അബ്ദുല്‍ സമദ് 10 റണ്‍സെടുത്തപ്പോള്‍ റാഷിദ് ഖാന്‍ പൂജ്യത്തിന് ക്രീസ് വിട്ടു. ഭുവനേശ്വര്‍ കുമാറും സന്ദീപ് ശര്‍മയും പുറത്താകാതെ നിന്നു. 

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ 29 റണ്‍സ് വഴങ്ങി ക്രിസ് മോറിസും മൂന്നു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ തെവാതിയയും കാര്‍തിക് ത്യാഗിയും ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: IPL 2021 SRH vs RR