ചെന്നൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 38 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 

റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

20 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ആന്ദ്രേ റസ്സല്‍ അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും ജയം അപ്രാപ്യമായിരുന്നു. 

205 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. എന്നാല്‍ ഒമ്പത് പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സുമടക്കം 21 റണ്‍സെടുത്ത ഗില്ലിനെ രണ്ടാം ഓവറില്‍ തന്നെ ജാമിസണ്‍ പുറത്താക്കി.

പിന്നാലെയെത്തിയ രാഹുല്‍ ത്രിപാഠിയും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 20 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 25 റണ്‍സെടുത്ത ത്രിപാഠിയെ ആറാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി.

പിന്നീട് കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്തയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

സ്‌കോര്‍ 66-ല്‍ എത്തിയപ്പോള്‍ 18 രണ്‍സുമായി നിതിഷ് റാണ മടങ്ങി. പിന്നാലെ രണ്ടു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ ചാഹല്‍ പുറത്താക്കി. 

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 23 പന്തില്‍ നിന്ന് 29 റണ്‍സുമായി മടങ്ങി. 

ആറാം വിക്കറ്റില്‍ ആന്ദ്രേ റസ്സലും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് 41 റണ്‍സ് ചേര്‍ത്തു. 25 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഷാക്കിബ് 18-ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറില്‍ റസ്സലിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു. 

ആര്‍.സി.ബിക്കായി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്‌സുമാണ് ആര്‍.സി.ബിക്കായി തിളങ്ങിയത്. 

മാക്‌സ്‌വെല്ലാണ് ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട താരം മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് വെറും 34 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ആറില്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിരാട് കോലിയെ (5) വരുണ്‍ ചക്രവര്‍ത്തി മടക്കി. പിന്നാലെ അതേ ഓവറില്‍ രജത് പട്ടിദാറിനെയും (1) വരുണ്‍ പുറത്താക്കി.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ - ദേവ്ദത്ത് സഖ്യമാണ് ആര്‍.സി.ബി കൂടുതല്‍ നഷ്ടങ്ങളില്ലാതെ കാത്തത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

28 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പടിക്കലിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പടിക്കല്‍ പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്‌സ്, മാക്‌സ്‌വെല്ലിനൊപ്പം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

അഞ്ചാം വിക്കറ്റില്‍ കൈല്‍ ജാമിസണൊപ്പം ഡിവില്ലിയേഴ്‌സ് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജാമിസണ്‍ നാലു പന്തില്‍ നിന്ന് 11 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കൊല്‍ക്കത്ത ടീം കളത്തിലിറങ്ങുന്നത്. ബാംഗ്ലൂര്‍ ഇന്ന് മൂന്ന് വിദേശ താരങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ഡാന്‍ ക്രിസ്റ്റിയന് പകരം രജത് പട്ടിദാര്‍ ടീമില്‍ ഇടംനേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Royal Challengers Bangalore vs Kolkata Knight Riders Live Updates