ഷാര്‍ജ:അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറുറണ്‍സിന് കീഴടക്കി പ്ലേ ഓഫില്‍ പ്രവേശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

പ്ലേ ഓഫില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍. ചെന്നൈയും ഡല്‍ഹിയും നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് പോകുകയായിരുന്ന പഞ്ചാബിനെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയരാഞ്ഞതാണ് ഈ കളിയിലും പഞ്ചാബിന് തിരിച്ചടിയായത്. 

165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും മായങ്ക് അഗര്‍വാളും നല്‍കിയത്. ശ്രദ്ധയോടെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ കുതിച്ചുയര്‍ന്നു. 6.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച് മുന്നേറിയ രാഹുലും മായങ്കും ബാംഗ്ലൂര്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. റണ്‍റേറ്റ് താഴാതെ ശ്രദ്ധയോടെ ബാറ്റ് ചലിപ്പിച്ച ഇരുവരും ആദ്യ പത്തോവറില്‍ 81 റണ്‍സാണ് അടിച്ചെടുത്തത്. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും കോലിയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല.

എന്നാല്‍ 12-ാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുലിനെ മടക്കി ഷഹബാസ് ബാംഗ്ലൂരിന് പ്രതീക്ഷ സമ്മാനിച്ചു. സിക്‌സ് നേടാനുള്ള രാഹുലിന്റെ ശ്രമം ഹര്‍ഷല്‍ പട്ടേലിന്റെ കൈയ്യില്‍ അവസാനിച്ചു. 35 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത രാഹുല്‍ ആദ്യ വിക്കറ്റില്‍ മായങ്കിനൊപ്പം 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ക്രീസ് വിട്ടത്. 

രാഹുല്‍ പുറത്തായതോടെ പഞ്ചാബ് സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പിന്നാലെ മായങ്ക് അഗര്‍വാള്‍ 35 പന്തുകളില്‍ നിന്ന് അര്‍ധശതകം പൂര്‍ത്തിയാക്കി. താരത്തിന്റെ 11-ാം ഐ.പി.എല്‍ അര്‍ധശതകമാണിത്. രാഹുലിന് പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പൂരാന്‍ ഈ മത്സരത്തിലും പരാജയമായി. വെറും മൂന്ന് റണ്‍സെടുത്ത താരത്തെ യൂസ്‌വേന്ദ്ര ചാഹല്‍ ദേവ്ദത്ത് പടിക്കലിന്റെ കൈയ്യിലെത്തിച്ചു. ഇത്തവണയും അനാവശ്യ ഷോട്ട് കളിച്ചാണ് പൂരാന്‍ പുറത്തായത്. 

13 ഓവറില്‍ പഞ്ചാബ് 100 കടന്നു. എയ്ഡന്‍ മാര്‍ക്രമാണ് പൂരാന് പകരം മായങ്കിന് കൂട്ടായി ക്രീസിലെത്തിയത്. അവസാന അഞ്ചോവറില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 52 റണ്‍സായിരുന്നു. എന്നാല്‍ 16-ാം ഓവറില്‍ അപകടകാരിയായ മായങ്ക് അഗര്‍വാളിനെ ചാഹല്‍ പുറത്താക്കി. സിറാജിന്റെ മികച്ച ക്യാച്ചാണ് മായങ്കിന് തിരിച്ചടി സമ്മാനിച്ചത്. 42 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 57 റണ്‍സെടുത്താണ് മായങ്ക് ക്രീസ് വിട്ടത്. 

പിന്നാലെ വന്ന സര്‍ഫ്രാസിനെ തകര്‍പ്പന്‍ പന്തിലൂടെ ബൗള്‍ഡാക്കി ചാഹല്‍ മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങാനായിരുന്നു യുവതാരത്തിന്റെ വിധി. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ എയ്ഡന്‍ മാര്‍ക്രത്തെ മടക്കി യുവതാരം ഗാര്‍ട്ടണ്‍ പഞ്ചാബിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. 14 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത മാര്‍ക്രത്തെ ഡാന്‍ ക്രിസ്റ്റ്യന്‍ ക്യാച്ചെടുത്ത് പുറത്താക്കി. 

പിന്നീട് പഞ്ചാബിന് വേണ്ടി ഷാരൂഖ് ഖാനും മോയ്‌സസ് ഹെന്റിക്കസും ക്രീസിലൊന്നിച്ചു. അവസാന രണ്ടോവറില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 27 ആയി. മുഹമ്മദ് സിറാജ് ചെയ്ത 19-ാം ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം പിറന്നതോടെ അവസാന ഓവറില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 19 ആയി.

ഹര്‍ഷല്‍ പട്ടേല്‍ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഹെന്റിക്കസ് റണ്‍ ഔട്ടായി. മൂന്ന് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആ ഓവറില്‍ 13 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഇതോടെ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കി. 

ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. തുടര്‍ച്ചായ മൂന്നാം മത്സരത്തിലും അര്‍ധശതകം നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും 40 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെയും മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ സീസണില്‍ ഒരു ഐ.പി.എല്‍ ടീം ഷാര്‍ജയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് നല്‍കിയത്. ദേവ്ദത്തായിരുന്നു കൂടുതല്‍ അപകടകാരി. പഞ്ചാബ് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. പിന്നീട് സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. 

ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ നായകന്‍ വിരാട് കോലിയെ പുറത്താക്കി മോയ്‌സസ് ഹെന്റിക്കസ് ബാംഗ്ലൂരിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഹെന്റിക്കസിന്റെ വേഗം കുറഞ്ഞ പന്ത് ആക്രമിക്കാന്‍ ശ്രമിച്ച കോലിയുടെ ശ്രമം പാളി. പന്ത് വിക്കറ്റ് പിഴുതെടുത്തു. 24 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത് ആദ്യ വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് താരം മടങ്ങിയത്. 

പിന്നാലെ വന്ന ഡാന്‍ ക്രിസ്റ്റ്യനെ ആദ്യ പന്തില്‍ തന്നെ മടക്കി ഹെന്റിക്കസ് ബാംഗ്ലൂരിന് ഭീഷണിയുയര്‍ത്തി. അനാവശ്യ ഷോട്ടിന് കളിച്ച ക്രിസ്റ്റിയന്‍ സര്‍ഫ്രാസിന് ക്യാച്ച് നല്‍കി മടങ്ങി. വൈകാതെ ദേവ്ദത്തും ഹെന്റിക്കസിന്റെ പന്തിനുമുന്നില്‍ കീഴടക്കി. 11-ാം ഓവറിലെ നാലാം പന്തില്‍ ഷോട്ടിന് ശ്രമിച്ച ദേവ്ദത്തിനെ മികച്ച ക്യാച്ചിലൂടെ രാഹുല്‍ പുറത്താക്കി. ഇതോടെ ബാംഗ്ലൂര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 38 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 40 റണ്‍സെടുത്താണ് താരം മടങ്ങിയത്. 

ദേവ്ദത്ത് മടങ്ങിയതിന് പിന്നാലെ ക്രീസില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും എ.ബി.ഡിവില്ലിയേഴ്‌സും ഒന്നിച്ചു. 14.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. ബാംഗ്ലൂര്‍ ആദ്യ 50 റണ്‍സെടുക്കാന്‍ വെറും 34 പന്തുകള്‍ മാത്രമാണ് എടുത്തത്. എന്നാല്‍ അടുത്ത 50 റണ്‍സെടുക്കാന്‍ 52 പന്തുകള്‍ ടീമിന് വേണ്ടി വന്നു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മാക്‌സ്‌വെല്ലാണ് ടീം സ്‌കോര്‍ 100 കടത്തിയത്. 

മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മാക്‌സ്‌വെല്‍ ആദ്യം തൊട്ട് ആക്രമിച്ച് കളിച്ചപ്പോള്‍ ഡിവില്ലിയേഴ്‌സ് അവസാനത്തേക്ക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. 

വൈകാതെ മാക്‌സ്‌വെല്‍ അര്‍ധശതകം പൂര്‍ത്തിയാക്കി. 29 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധശതകമാണിത്. 19-ാം ഓവറിലെ രണ്ടാം പന്തില്‍ അതിവേഗ റണ്ണിന് ശ്രമിച്ച ഡിവില്ലിയേഴ്‌സ് റണ്‍ ഔട്ടായി. 18 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത താരത്തെ സര്‍ഫ്രാസാണ് പുറത്താക്കിയത്. 

ഷമിയെറിഞ്ഞ അവസാന ഓവറില്‍ മാക്‌സ്‌വെല്‍ പുറത്തായി. സിക്‌സ് നേടാനുള്ള താരത്തിന്റെ ശ്രമം സര്‍ഫ്രാസിന്റെ കൈയ്യിലൊതുങ്ങി. 33 പന്തുകളില്‍ നിന്ന് നാല് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 57 റണ്‍സെടുത്താണ് മാക്‌സ്‌വെല്‍ ക്രീസ് വിട്ടത്. അതേ ഓവറില്‍ ഷഹബാസ് അഹമ്മദിനെയും (8), ജോര്‍ജ് ഗാര്‍ട്ടണെയും (0) മടക്കി ഷമി ബാംഗ്ലൂരിനെ തകര്‍ത്തു.

പഞ്ചാബിനായി മോയ്‌സസ് ഹെന്റിക്കസ് നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

 

Content Highlights: IPL 2021 Royal Challengers Bangalore eye playoff berth against Punjab Kings