അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സിന് വന്‍ വിജയം. 34 റണ്‍സിനാണ് പഞ്ചാബ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

19 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ നഷ്ടമായ ബാംഗ്ലൂരിന് പിന്നീട് തിരിച്ചുവരാനായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ദേവ്ദത്ത് പടിക്കല്‍ ഏഴു റണ്‍സോടെ പുറത്തായ ശേഷം വിരാട് കോലിയും രജത് പാട്ടിദറും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാല്‍ 35 റണ്‍സെടുത്ത കോലിയെ പുറത്താക്കി ഹര്‍പ്രീത് ബ്രാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് വന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനും (0) എബി ഡിവില്ലിയേഴ്‌സിനും (3) അധികം ആയുസുണ്ടായിരുന്നില്ല. 30 പന്തില്‍ 31 റണ്‍സെടുത്ത് രജതും പുറത്തായതോടെ ആര്‍സിബി പരാജയം മണത്തു.

ഷഹബാസ് അഹമ്മദ് എട്ടു റണ്‍സിനും ഡാനിയല്‍ സാംസ് മൂന്നു റണ്‍സിനും ക്രീസ് വിട്ടു. അവസാനം ഹര്‍ഷല്‍ പട്ടേല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. 13 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതം ഹര്‍ഷല്‍ പട്ടേല്‍ 31 റണ്‍സെടുത്തു. 16 റണ്‍സുമായി കെയ്ല്‍ ജമെയ്‌സണും ഒരു പന്ത് നേരിട്ട മുഹമ്മദ് സിറാജും പുറത്താകാതെ നിന്നു.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹര്‍പ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയും ആര്‍സിബിയെ തകര്‍ക്കുകയായിരുന്നു. റിലേ മെരെഡിത്തും ക്രിസ് ജോര്‍ദാനും മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 57 പന്തില്‍ 91 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന് അടിത്തറ പകര്‍ന്നത്. അവസാന ഓവറില്‍ രാഹുല്‍ ഒരു സിക്‌സും രണ്ടു ഫോറും നേടി. ആകെ ഏഴ് ഫോറും അഞ്ചു സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 24 പന്തില്‍ 46 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലും 17 പന്തില്‍ 25 റണ്‍സ് അടിച്ച ഹര്‍പ്രീത് ബ്രാറും രാഹുലിന് പിന്തുണ നല്‍കി. ജമെയ്‌സണ്‍ എറിഞ്ഞ ആറാം ഓവറില്‍ ഗെയ്ല്‍ അഞ്ചു ഫോര്‍ ആണ് അടിച്ചെടുത്തത്.

ഗെയ്‌ലും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 45 പന്തില്‍ 80 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിന്റെ ഇന്നിങ്‌സിന് അടിത്തറയേകി. പിന്നീട് ആറാം വിക്കറ്റില്‍ ഹര്‍പ്രീതിനെ കൂട്ടുപിടിച്ച് രാഹുല്‍ 61 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 32 പന്തില്‍ നിന്നായിരുന്നു ഇരുവരും ചേര്‍ന്ന് 61 റണ്‍സ് അടിച്ചെടുത്തത്. പിരിയാത്ത ഈ കൂട്ടുകെട്ട് അവസാന ഓവറുകളില്‍ പഞ്ചാബിന്റെ സ്‌കോറിങ് വേഗത കൂട്ടി.

പ്രഭ്‌സിമ്രാന്‍ സിങ്ങ് ഏഴു പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിക്കോളാസ് പൂരനും ഷാരൂഖ് ഖാനും അക്കൗണ്ട് തുറക്കുംമുമ്പ് ക്രീസ് വിട്ടു. ദീപക് ഹൂഡയുടെ സമ്പാദ്യം ഒമ്പത് പന്തില്‍ അഞ്ചു റണ്‍സാണ്. 

Content Highlights: IPL 2021 RCB vs Punjab Kings