അഹമ്മദാബാദ്:   അവസാന പന്ത് വരെ ആകാംക്ഷ നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരൊറ്റ റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അവസാന ഓവറില്‍ ഡല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. എന്നാല്‍ സിറാജ് എറിഞ്ഞ ആ ഓവറില്‍ 12 റണ്‍സ് കണ്ടെത്താനെ ഋഷഭ് പന്തിനും ഷിമ്രോണ്‍ ഹെറ്റ്‌മെയറിനും കഴിഞ്ഞുള്ളു. കെയ്ല്‍ ജമെയ്‌സണ്‍ എറിഞ്ഞ 18-ാം ഓവറില്‍ മൂന്നു സികസ് അടിച്ച് ഹെറ്റ്‌മെയര്‍ ഡല്‍ഹിയെ വിജത്തിലേക്ക് വഴികാട്ടിയെങ്കിലും 19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ വരിഞ്ഞുമുറുക്കി. ഈ ഓവറില്‍ ഡല്‍ഹി നേടിയത് 11 റണ്‍സ് മാത്രമാണ്.

അഞ്ചാം വിക്കറ്റില്‍ പന്തും ഹെറ്റ്‌മെയറും ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹെറ്റ്‌മെയര്‍  25 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 53 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ പന്ത് ആറു ഫോറിന്റെ സഹായത്തോടെ 48 പന്തില്‍ 58 റണ്‍സ് നേടി. പൃഥ്വി ഷാ 21 റണ്‍സിനും ശിഖര്‍ ധവാന്‍ ആറ് റണ്‍സിനും സ്റ്റീവന്‍ സ്മിത്ത് നാല് റണ്‍സിനും പുറത്തായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ തകര്‍ച്ചയിലായിരുന്ന ആര്‍സിബിയെ എബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്ങാണ് കര കയറ്റിയത്. ഡിവില്ലിയേഴ്സ് 42 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നു.അവസാന ഓവറില്‍ ഡിവില്ലിയേഴ്സ് കത്തിക്കയറുകയായിരുന്നു. സ്റ്റോയ്ന്‍സ് എറിഞ്ഞ 20-ാം ഓവറില്‍ ഡിവില്ലിയേഴ്സ് നേടിയത് മൂന്നു സിക്സുള്‍പ്പെടെ 22 റണ്‍സാണ്. ആദ്യ പന്ത് വൈഡ് കൂടി ആയതോടെ ആ ഓവറില്‍ പിറന്നത് 23 റണ്‍സാണ്. 31 റണ്‍സോടെ രജത് പാട്ടിദര്‍ ഡിവില്ലിയേഴ്സിന് പിന്തുണ നല്‍കി. 

ഓപ്പണര്‍മാരായ വിരാട് കോലിയേയും ദേവ്ദത്ത് പടിക്കിലിനേയും ഡല്‍ഹി പേസര്‍മാര്‍ വേഗത്തില്‍ തിരിച്ചയച്ചു. കോലി 12 റണ്‍സെടുത്തപ്പോള്‍ 17 റണ്‍സായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം. 20 പന്തില്‍ 25 റണ്‍സെടുത്ത മാക്സ്വെല്ലിനും അധികം ആയുസുണ്ടായിരുന്നില്ല. വാഷിങ്ടണ്‍ സുന്ദര്‍ ആറു റണ്‍സെടുത്ത് പുറത്തായി. മൂന്നു റണ്‍സോടെ ഡാനിയല്‍ സാംസ് ഡിവില്ലിയേഴ്സിനൊപ്പം പുറത്താകാതെ നിന്നു.  

വിജയത്തോടെ ആര്‍സിബി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നാണ് വിരാട് കോലിയുടേയും ടീമിന്റേയും നേട്ടം.

Content Highlights: IPL 2021 RCB vs DC