അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് വിജയം. 14 പന്ത് ശേഷിക്കെയാണ് ഡല്‍ഹിയുടെ വിജയം. 47 പന്തില്‍ 69 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ ഇന്നിങ്‌സ്് ഡല്‍ഹിയുടെ വിജയം അനായാസമാക്കി. വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്

167 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണിങ് വിക്കറ്റില്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ 39 റണ്‍സെടുത്ത പൃഥ്വി ഷായെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കി. സ്റ്റീവന്‍ സ്മിത്ത് 22 പന്തില്‍ 24 റണ്‍സുമായി ക്രീസ് വിട്ടപ്പോള്‍ ഋഷഭ് പന്തിന്റെ സമ്പാദ്യം 11 പന്തില്‍ 14 റണ്‍സായിരുന്നു. നാല് പന്തില്‍ 16 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. റിലേ മെരെടിത് 3.4 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 166 റണ്‍സ് നേടി.58 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്ന മായങ്ക് പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ചു. പഞ്ചാബിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം മായങ്കിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 

എന്നാല്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും മികവിലേക്കുയരാനായില്ല. പ്രഭ്സിമ്രാന്‍ സിങ്ങ് 12 റണ്‍സിനും ക്രിസ് ഗെയ്ല്‍ 13 റണ്‍സിനും പുറത്തായി. ഡെവിഡ് മലന്‍ 26 റണ്‍സെടുത്തപ്പോള്‍ ഷാരൂഖ് ഖാന്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ടക്കം കണ്ടില്ല. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി കാഗിസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.

നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി കാഗിസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.

Content Highlights: IPL 2021 PBKS vs DC