ഷാര്‍ജ: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മുംബൈ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ ഡല്‍ഹി മറികടന്നു. 

ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയായി.  

33 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. 21 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ആര്‍. അശ്വിന്‍ ശ്രേയസിന് ഉറച്ച പിന്തുണ നല്‍കി. 

130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുടക്കം മോശമായിരുന്നു. 4.1 ഓവറില്‍ 30 റണ്‍സിനിടെ ശിഖര്‍ ധവാന്‍ (8), പൃഥ്വി ഷാ (6), സ്റ്റീവ് സ്മിത്ത് (9) എന്നിവരെ അവര്‍ക്ക് നഷ്ടമായി.

തുടര്‍ന്ന് ഋഷഭ് പന്ത് മുംബൈ ബൗളിങ്ങിനെ കടന്നാക്രമിച്ചെങ്കിലും ഒമ്പതാം ഓവറില്‍ പന്തിനെ ജയന്ത് യാദവ് മടക്കി. 22 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. 

പിന്നാലെ ഒമ്പത് റണ്‍സുമായി അക്‌സര്‍ പട്ടേലും മടങ്ങി. ഷിംറോണ്‍ ഹെറ്റ്മയര്‍ എട്ട് പന്തില്‍ 15 റണ്‍സുമായി മടങ്ങി. തുടര്‍ന്നായിരുന്നു ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായ ശ്രേയസ് - അശ്വിന്‍ കൂട്ടുകെട്ടിന്റെ പിറവി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

26 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 

പേരുകേട്ട മുംബൈ ബാറ്റിങ് നിരയിലെ മറ്റാര്‍ക്കും തന്നെ സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. 

കണിശതയോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ മുംബൈയെ 129 റണ്‍സില്‍ ഒതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആവേശ് ഖാനും അക്സര്‍ പട്ടേലുമാണ് മുംബൈയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം മാത്രം വിട്ടുകൊടുത്താണ് ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അക്സര്‍ പട്ടേല്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത നോര്‍ക്യയും ഡല്‍ഹിക്കായി തിളങ്ങി.

ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (7) നഷ്ടമായി. ഏഴാം ഓവറില്‍ 19 റണ്‍സുമായി ക്വിന്റണ്‍ ഡിക്കോക്കും മടങ്ങി. 

തുടര്‍ന്നെത്തിയ സൗരഭ് തിവാരിക്ക് 18 പന്തില്‍ നേടാനായത് 15 റണ്‍സ് മാത്രം. ഒമ്പത് പന്തില്‍ ആറു റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡിനെ ആന്‍ റിച്ച് നോര്‍ക്യ ബൗള്‍ഡാക്കിയതോടെ മുംബൈ പതറി. 

പിന്നാലെ 18 പന്തില്‍ 17 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയ്ക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. ക്രുനാല് പാണ്ഡ്യ 13 റണ്‍സുമായി പുറത്താകാതെ നിന്നു. 

ജയന്ത് യാദവ് (11), നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Mumbai Indians face Delhi Capitals on Sharjah