മുംബൈ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആര്‍.സി.ബി മറികടന്നു.

സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി. ഈ സീസണില്‍ ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. 

പടിക്കല്‍ 52 പന്തില്‍ നിന്ന് ആറ് സിക്‌സും 11 ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ കോലി 47 പന്തില്‍ നിന്നും മൂന്ന് സിക്‌സും ആറു ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തിരുന്നു.

32 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 46 റണ്‍സെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 14-ല്‍ നില്‍ക്കേ ജോസ് ബട്ട്‌ലറെ (8) അവര്‍ക്ക് നഷ്ടമായി. പിന്നാലെ മനന്‍ വോറയും (7) മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും (0) വന്നപോലെ മടങ്ങിയപ്പോള്‍ 4.3 ഓവറില്‍ മൂന്നിന് 18 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി രാജസ്ഥാന്‍.

18 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കം ലഭിച്ച ശേഷം പുറത്തായി. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശിവം ദുബെ - റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 66 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 

16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത റിയാന്‍ പരാഗിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടര്‍ന്നെത്തിയ രാഹുല്‍ തെവാട്ടിയ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സെടുത്തു. രാജസ്ഥാനെ 177-ല്‍ എത്തിച്ചത് തെവാട്ടിയയുടെ ഇന്നിങ്‌സാണ്.

ആര്‍.സി.ബിക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Live Updates Royal Challengers Bangalore vs Rajasthan Royals