മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി.

പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്.

63 പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് സിക്‌സും 12 ഫോറുമടക്കം 119 റണ്‍സെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു. 

ഐ.പി.എല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. 

222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തില്‍ തന്നെ മുഹമ്മദ് ഷമി ബെന്‍ സ്റ്റോക്ക്‌സിനെ (0) പുറത്താക്കി. സ്‌കോര്‍ 25-ല്‍ എത്തിയപ്പോള്‍ മനന്‍ വോറയും (12) പുറത്തായി. 

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജുവും ജോസ് ബട്ട്‌ലറും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 25 റണ്‍സെടുത്ത ബട്ട്‌ലറെ പുറത്താക്കി ജേ റിച്ചാര്‍ഡ്‌സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

തുടര്‍ന്നെത്തിയ ശിവം ദുബെയുമൊത്ത് സഞ്ജു 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയടക്കം 23 റണ്‍സെടുത്ത ദുബെ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. 

ദുബെ പുറത്തായതിനു പിന്നാലെയെത്തിയ റിയാന്‍ പരാഗ് പഞ്ചാബ് ബൗളര്‍മാരെകടന്നാക്രമിക്കുകയായിരുന്നു. 11 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒരു ഫോറുമടക്കം 25 റണ്‍സെടുത്ത പരാഗ്, സഞ്ജുവിനൊപ്പം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. 

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിരുന്നു.

തകര്‍ത്തടിച്ച ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ദീപക് ഹൂഡയും ചേര്‍ന്നാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

50 പന്തുകള്‍ നേരിട്ട രാഹുല്‍ അഞ്ചു സിക്‌സും ഏഴു ഫോറുമടക്കം 91 റണ്‍സെടുത്ത് പുറത്തായി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്‌കോര്‍ 22-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. 

പിന്നാലെ ക്രീസില്‍ ഒന്നിച്ച രാഹുലും ക്രിസ് ഗെയ്‌ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 40 റണ്‍സെടുത്ത ഗെയ്‌ലിനെ പുറത്താക്കി റിയാന്‍ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഐ.പി.എല്ലില്‍ 350 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ഗെയ്ല്‍ മടങ്ങിയത്. 

തുടര്‍ന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാന്‍ ബാളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 

മൂന്നാം വിക്കറ്റില്‍ രാഹുല്‍ - ഹൂഡ സഖ്യം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകള്‍ നേരിട്ട ഹൂഡ ആറു സിക്‌സും നാലു ഫോറുമടക്കം 64 റണ്‍സെടുത്തു.

ഹൂഡ പുറത്തായ ശേഷമെത്തിയ നിക്കോളാസ് പുരന്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പഞ്ചാബ് കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Live Updates Rajasthan Royals vs Punjab Kings