ചെന്നൈ: ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബെ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. 

മുംബെ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. സീസണില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ - ക്രിസ് ഗെയ്ല്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ 52 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 60 റണ്‍സോടെ പുറത്താകാതെ നിന്നു. 

ക്രിസ് ഗെയ്ല്‍ 35 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 43 റണ്‍സെടുത്തു. 25 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. പഞ്ചാബ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ മുംബൈ 131 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

രോഹിത് 52 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടേത് പതിഞ്ഞ തുടക്കമായിരുന്നു. പവര്‍പ്ലേ ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലായിരുന്നു അവര്‍.

രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡിക്കോക്കിനെയും (3) ഏഴാം ഓവറില്‍ ഇഷാന്‍ കിഷനെയും (6) കാര്യമായ സംഭാവനകളില്ലാതെ അവര്‍ക്ക് നഷ്ടമായി. 

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് - സൂര്യകുമാര്‍ യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. 79 റണ്‍സ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 

27 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 33 റണ്‍സെടുത്ത സൂര്യകുമാറിനെ മടക്കി രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.  

ഹാര്‍ദിക് പാണ്ഡ്യ (1), ക്രുനാല്‍ പാണ്ഡ്യ (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പൊള്ളാര്‍ഡ് 12 പന്തില്‍ നിന്നും 16 റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് കിങ്സ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മുംബൈ കളത്തിലിറങ്ങുന്നത്. പഞ്ചാബി നിരയില്‍ മുരുഗന്‍ അശ്വിന് പകരം രവി ബിഷ്‌ണോയ് ഇടംപിടിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Live Updates Mumbai Indians vs Punjab Kings