ദുബായ്: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. 

കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 19.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ പ്രകടനമാണ് പഞ്ചാബ് വിജയത്തില്‍ നിര്‍ണായകമായത്. 55 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 67 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും പഞ്ചാബ് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഒമ്പത് പന്തുകള്‍ നേരിട്ട ഷാരുഖ് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 22 റണ്‍സോടെ പുറത്താകാതെ നിന്നു.

166 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 53 പന്തില്‍ നിന്ന് 70 റണ്‍സ് ചേര്‍ത്ത ശേഷമാണ് പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. 

27 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 40 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 12 റണ്‍സെടുത്ത നിക്കോളാസ് പുരനെയും വരുണ്‍ പുറത്താക്കി. 

മൂന്നാം വിക്കറ്റില്‍ രാഹുലും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് 45 റണ്‍സ് പഞ്ചാബ് സ്‌കോറിലേക്ക് ചേര്‍ത്തു. 16 പന്തില്‍ 18 റണ്‍സെടുത്ത മാര്‍ക്രത്തെ 16-ാം ഓവറില്‍ സുനില്‍ നരെയ്ന്‍ മടക്കി. ദീപക് ഹൂഡയാണ് (3) പുറത്തായ മറ്റൊരു താരം. 

രാഹുല്‍ 20-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്തായെങ്കിലും തൊട്ടടുത്ത പന്തില്‍ സിക്‌സര്‍ നേടി ഷാരൂഖ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു.

മികച്ച തുടക്കം ലഭിച്ച് വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ അവസാന ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. 

തകര്‍ത്തടിച്ച ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട വെങ്കടേഷ് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 67 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ (7) നഷ്ടമായി. അര്‍ഷദീപ് സിങ്ങാണ് താരത്തെ പുറത്താക്കിയത്. 

തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വെങ്കടേഷ് - രാഹുല്‍ ത്രിപാഠി സഖ്യം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ത്രിപാഠിയെ പുറത്താക്കി രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15-ാം ഓവറില്‍ വെങ്കടേഷിനെയും ബിഷ്‌ണോയ് മടക്കി. 

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് കൊല്‍ക്കത്ത സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല. രണ്ടു റണ്‍സെടുത്ത മോര്‍ഗനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. 

18 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 31 റണ്‍സെടുത്ത നിതീഷ് റാണ മികച്ച ബാറ്റിങ് പുറത്തെടുത്തു. 

ദിനേഷ് കാര്‍ത്തിക്ക് 11 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. സുനില്‍ നരെയ്ന്‍ മൂന്ന് റണ്‍സോടെ പുറത്താകാതെ നിന്നു. 

പഞ്ചാബിനായി അര്‍ഷദീപ് സിങ് മൂന്നും രവി ബിഷ്‌ണോയ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Kolkata Knight Riders against Punjab Kings