അഹമ്മദാബാദ്: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ആധികാരിക വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 21 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് വിജയിച്ചു. 41 പന്തില്‍ 11 ഫോറും മൂന്നു സിക്‌സും സഹിതം 82 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. 

ഓപ്പണിങ് വിക്കറ്റില്‍ ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹി ഇന്നിങ്‌സിന് അടിത്തറ പാകി. 83 പന്തിലായിരുന്നു 132 റണ്‍സ്. ധവാന്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 47 പന്തില്‍ 46 റണ്‍സ് നേടി. ഋഷഭ് പന്ത് എട്ടു പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. മൂന്നു പന്തില്‍ ആറു റണ്‍സോടെ മാര്‍ക്കസ് സ്‌റ്റോയിന്‍സും ഒരു പന്തു നേരിട്ട് ഷിമ്രോണ്‍ ഹെറ്റ്‌മെയറും പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 27 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 38 പന്തില്‍ 43 റണ്‍സെടുത്തു. ഇയാന്‍ മോര്‍ഗനും സുനില്‍ നരെയ്നും പൂജ്യത്തിന് പുറത്തായി. 

നിധീഷ് റാണ 15 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ ത്രിപദി 19 റണ്‍സ് നേടി. 14 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പാറ്റ് കമ്മിന്‍സ് 11 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ ഒരു ഘട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് 82 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് റസസലിന്റെ ബാറ്റിങ് കൊല്‍ക്കത്തയുടെ സ്‌കോറിങ് വേഗത കൂട്ടി. അവസാന അഞ്ച് ഓവറില്‍ 59 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 

Content Highlights: IPL 2021 KKR vs DC