മുംബൈ: ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 

പഞ്ചാബ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 

49 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 92 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിക്കായി തിളങ്ങിയത്. 

പഞ്ചാബ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 

33 പന്തില്‍ 59 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 17 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 32 റണ്‍സെടുത്ത പൃഥ്വി ഷായെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത് 12 പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമെടുത്ത് മടങ്ങി. 

പിന്നാലെ ധവാനും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ 152 വരെയെത്തിച്ചു. 15-ാം ഓവറില്‍ ധവാനെ മടക്കി ജേ റിച്ചാര്‍ഡ്‌സണ്‍ ഡല്‍ഹിയെ പ്രതിരോധത്തിലാക്കി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 15 റണ്‍സെടുത്ത് പുറത്തായി. 

എന്നാല്‍ 13 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. ലളിത് യാദവ് ആറു പന്തില്‍ നിന്ന് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി തകര്‍ത്തടിച്ചാണ് മായങ്ക് - രാഹുല്‍ ഓപ്പണിങ് സഖ്യം തുടങ്ങിയത്. 

12.4 ഓവറില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 36 പന്തില്‍ നിന്ന് നാലു സിക്‌സും ഏഴു ഫോറുമടക്കം 69 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ ലുക്മാന്‍ മെറിവാലയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

വൈകാതെ രാഹുല്‍ റബാദയുടെ പന്തില്‍ പുറത്തായി. 51 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 61 റണ്‍സെടുത്താണ് ബര്‍ത്ത് ഡേ ബോയ് രാഹുല്‍ മടങ്ങിയത്. 

ദീപക് ഹൂഡ 13 പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു. ഷാരുഖ് ഖാന്‍ 5 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. 

ക്രിസ് ഗെയ്‌ലിന് ഒമ്പത് പന്തില്‍ നിന്ന് 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിക്കോളാസ് പുരനാണ് (9) പുറത്തായ മറ്റൊരു താരം. 

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights:  IPL 2021 Delhi Capitals vs Punjab Kings Squad Live Updates