ഷാര്‍ജ:നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 128 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റങ്ങിനിറങ്ങിയ കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴ് നഷ്ടത്തില്‍ വിജയത്തിലെത്തി. 

മികച്ച ബാറ്റിങ് പുറത്തെടുത്ത നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും സുനില്‍ നരെയ്‌നുമാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. ഡല്‍ഹിയെ ചെറിയ സ്‌കോറിന് ചുരുക്കിയ ബൗളര്‍മാരും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌കോര്‍: ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പതിന് 127. കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴിന് 130

128 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നിലയുറപ്പിക്കുംമുന്‍പ് അപകടകാരിയായ വെങ്കടേഷ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കി ലളിത് യാദവ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കി. 15 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് താരം നേടിയത്. 

പിന്നാലെ വന്ന രാഹുല്‍ ത്രിപാഠിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് തുടങ്ങിയെങ്കിലും ഒന്‍പത് റണ്‍സ് മാത്രമെടുത്ത താരത്തെ ആവേശ്ഖാന്‍ സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ ടീം സ്‌കോര്‍ 50 കടത്തി. ഗില്‍ അനായാസമാണ് ബാറ്റുവീശിയത്. 

എന്നാല്‍ സ്‌കോര്‍ 67-ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത ഗില്ലിനെ മടക്കി കഗിസോ റബാദ കൊല്‍ക്കത്തയ്ക്ക് പ്രഹരമേല്‍പ്പിച്ചു. സിക്‌സ് അടിക്കാനുള്ള ഗില്ലിന്റെ ശ്രമം ശ്രേയസ്സ് അയ്യരുടെ കൈയ്യില്‍ അവസാനിച്ചു. പിന്നാലെ വന്ന കൊല്‍ക്കത്ത നായകന്‍ മോര്‍ഗന്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന മോര്‍ഗന്‍ ഈ മത്സരത്തിലു നിരാശപ്പെടുത്തി. ഇതോടെ ടീം സ്‌കോര്‍ 67 ന് നാല് എന്നായി. 

മോര്‍ഗന് ശേഷം ദിനേശ് കാര്‍ത്തിക്ക് ക്രീസിലെത്തി. കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് നിതീഷ് റാണ ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കൊല്‍ക്കത്ത സ്‌കോര്‍ ഉയര്‍ന്നു. ലളിത് യാദവ് എറിഞ്ഞ 14-ാം ഓവറില്‍ തുടര്‍ച്ചായി രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് റാണ റണ്‍റേറ്റ് ഉയര്‍ത്തി. ആ ഓവറില്‍ 20 റണ്‍സാണ് പിറന്നത്. 

എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ മടക്കി ആവേശ്ഖാന്‍ മത്സരം കടുപ്പിച്ചു. 12 റണ്‍സെടുത്ത കാര്‍ത്തിക്ക് ആവേശ്ഖാന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിലുരസി വിക്കറ്റിലിടിക്കുകയായിരുന്നു. കാര്‍ത്തിക്കിന് പകരം സുനില്‍ നരെയ്ന്‍ ക്രീസിലെത്തി. റബാദയെറിഞ്ഞ 16-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് നരെയ്ന്‍ മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. ഈ ഓവറാണ് കളിയുടെ ഗതി മാറ്റിയത്. 

പിന്നാലെ നരെയ്‌നിനെ നോര്‍ക്കേ പുറത്താക്കിയെങ്കിലും കൊല്‍ക്കത്ത വിജയം ഉറപ്പിച്ചിരുന്നു. 10 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 21 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന സൗത്തിയെ ആവേശ്ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ 18-ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട റാണ ടീമിന് വിജയം സമ്മാനിച്ചു. റാണ 27 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി ആവേശ്ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, അശ്വിന്‍, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്ത ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറില്‍ തളച്ചത്. ഡല്‍ഹിയ്ക്ക് വേണ്ടി 39 റണ്‍സ് വീതമെടുത്ത സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഡല്‍ഹി ഇന്നിങ്‌സില്‍ ഒരു സിക്‌സ് പോലും പിറന്നില്ല.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് കൊല്‍ക്കത്ത ബൗളര്‍മാര്‍ ഡല്‍ഹി ബാറ്റിങ് നിരയെ തകര്‍ത്തു. മലയാളി താരം സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത ടീമിലിടം നേടി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി പരിക്കേറ്റ പുറത്തായ പൃഥ്വി ഷായ്ക്ക് പകരം ടീമിലിടം നേടിയ സ്റ്റീവ് സ്മിത്തും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 35 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അഞ്ചാം ഓവറിലെ അവസാന പന്തില്‍ ധവാനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ ഡല്‍ഹിയ്ക്ക് ആദ്യ തിരിച്ചടി സമ്മാനിച്ചു. 20 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 24 റണ്‍സെടുത്ത ധവാന്‍ വെങ്കടേഷ് അയ്യര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നന്നായി കളിച്ച ശ്രേയസിനെ സുനില്‍ നരെയ്ന്‍ ക്ലീന്‍ ബൗള്‍ഡാക്കി. വെറും ഒരു റണ്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഡല്‍ഹി 40 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.

പിന്നാലെ വന്ന നായകന്‍ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോര്‍ 50 കടത്തി. പന്തിനെ കാഴ്ചക്കാരനാക്കി സ്മിത്ത് നന്നായി കളിച്ചതോടെ ഡല്‍ഹി തകര്‍ച്ചയില്‍ നിന്ന് കരകയറി. എന്നാല്‍ സ്‌കോര്‍ 77-ല്‍ നില്‍ക്കേ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി ഫെര്‍ഗൂസന്‍ വീണ്ടും ഡല്‍ഹിയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 34 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത താരത്തെ ഫെര്‍ഗൂസന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

സ്മിത്തിന് പകരം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയെങ്കിലും വെറും നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഹെറ്റ്മയറെ പുറത്താക്കി വെങ്കടേഷ് അയ്യര്‍ കന്നി ഐ.പി.എല്‍ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ വന്ന ലളിത് യാദവിനെ അക്കൗണ്ട് തുറക്കും മുന്‍പ് മടക്കി സുനില്‍ നരെയ്ന്‍ ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 

ലളിതിന് പകരം ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനും പിടിച്ചുനില്‍ക്കാനായില്ല. റണ്‍സെടുക്കും മുന്‍പ് താരത്തെ ലോക്കി ഫെര്‍ഗൂസന്റെ കൈയ്യിലെത്തിച്ച് വെങ്കടേഷ് അയ്യര്‍ രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നീട് ക്രീസിലെത്തിയ അശ്വിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് 16.3 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പന്തും റണ്‍സ് നേടാന്‍ നന്നായി ബുദ്ധിമുട്ടി. ഇതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് പന്ത് സ്വന്തമാക്കി. 

അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത അശ്വിന്‍ ടിം സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ സൗത്തിയും അശ്വിനും ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റത്തിലേര്‍പ്പെട്ടത് ചര്‍ച്ചയായി. പിന്നാലെ ഋഷഭ് പന്ത് റണ്‍ ഔട്ടായി മടങ്ങി. 36 പന്തുകളില്‍ നിന്ന് വെറും മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 39 റണ്‍സാണ് താരമെടുത്തത്. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സൗത്തി ഒരു വിക്കറ്റ് നേടി. സന്ദീപ് വാര്യര്‍ക്ക് വിക്കറ്റ് വീഴ്ത്താനായില്ല. 

Content Highlights: IPL 2021 Delhi Capitals vs Kolkata Knight Riders