മുംബൈ: ഐ.പി.എല്‍ 14-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 

ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. 

അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഡല്‍ഹിയുടെ വിജയം ആധികാരികമാക്കിയത്. ഇതോടെ ക്യാപ്റ്റനായുള്ള ഋഷഭ് പന്തിന്റെ അരങ്ങേറ്റം ജയത്തോടെയായി.

189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ധവാനും ഷായും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 138 റണ്‍സ് അടിച്ചെടുത്തു. 38 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 72 റണ്‍സെടുത്ത പൃഥ്വിയെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ധവാന്‍ 54 പന്തില്‍ നിന്ന് രണ്ടു സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. 

മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 15 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. 

36 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

ഏഴു റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിസ് (0), റുതുരാജ് ഗെയ്ക്വാദ് (5) എന്നിവരെ ചെന്നൈക്ക് നഷ്ടമായി. 

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി - സുരേഷ് റെയ്‌ന സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും 53 റണ്‍സ് ചെന്നൈ സ്‌കോറിലേക്ക് ചേര്‍ത്തു. 24 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 36 റണ്‍സെടുത്ത അലിയെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 

പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച റെയ്‌ന - അമ്പാട്ടി റായുഡു സഖ്യവും അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 16 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 23 റണ്‍സെടുത്ത റായുഡുവിനെ ടോം കറനാണ് മടക്കിയത്.

പിന്നാലെ രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില്‍ റെയ്‌ന റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് (0) രണ്ടു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സാം കറന്‍ 15 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായി. രവീന്ദ്ര ജഡേജ 17 പന്തില്‍ നിന്ന് 26 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ഡല്‍ഹിക്കായി ക്രിസ് വോക്‌സും ആവേശ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Chennai Super Kings vs Delhi Capitals Live Updates