മുംബൈ: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 45 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

35 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 49 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ രാജസ്ഥാന്‍ പതറി. മനന്‍ വോറ (14), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (1), ശിവം ദുബെ (17), ഡേവിഡ് മില്ലര്‍ (2), റിയാന്‍ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവരെല്ലാം തന്നെ രാജസ്ഥാന്‍ സ്‌കോര്‍ 100 തികയും മുമ്പ് ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി. 

12-ാം ഓവറില്‍ ബട്ട്‌ലറെയും ദുബെയേയും മടക്കിയ രവീന്ദ്ര ജഡേജയാണ് മത്സരം ചെന്നൈക്ക് അനുകൂലമാക്കി തിരിച്ചത്. മില്ലറെയും മോറിസിനെയും മടക്കിയ മോയിന്‍ അലി രാജസ്ഥാന്റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി. 

രാഹുല്‍ തെവാട്ടിയ 15 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. ജയദേവ് ഉനദ്കട്ട് 17 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു. 

ചെന്നൈക്കായി മോയിന്‍ അലി മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മികച്ച കൂട്ടുകെട്ടുകളൊന്നും പടുത്തുയര്‍ത്താനായില്ലെങ്കിലും മികച്ച സ്‌കോര്‍ സ്വന്തമാക്കാന്‍ ചെന്നൈക്ക് സാധിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്‌കോര്‍ 25-ല്‍ നില്‍ക്കേ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റുതുരാജ് ഗെയ്ക്‌വാദാണ് (10) ആദ്യം പുറത്തായത്. 

പിന്നാലെ തകര്‍ത്തടിച്ച ഫാഫ് ഡുപ്ലെസിസിനെ ആറാം ഓവറില്‍ ക്രിസ് മോറിസ് മടക്കി. 17 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് മോയിന്‍ അലിയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. സ്‌കോര്‍ 78-ല്‍ നില്‍ക്കേ മോയിന്‍ അലിയെ (26) മടക്കി രാഹുല്‍ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു. 

പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച അമ്പാട്ടി റായുഡുവിനെ ചേതന്‍ സക്കറിയ മടക്കി. 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സടക്കം 27 റണ്‍സായിരുന്നു റായുഡുവിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 15 പന്തില്‍ നിന്ന് 18 റണ്‍സുമായി സുരേഷ് റെയ്‌നയും മടങ്ങി. 

ക്യാപ്റ്റന്‍ ധോനിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്. 

രവീന്ദ്ര ജഡേജ (8), സാം കറന്‍ (13), ശാര്‍ദുല്‍ താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കളത്തിലിറങ്ങുന്നത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Chennai Super Kings against Rajasthan Royals Live Updates