ചെന്നൈ: ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 

പഞ്ചാബ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. സീസണില്‍ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. 

അര്‍ധ സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 56 പന്തുകള്‍ നേരിട്ട ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു.

ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 61 പന്തില്‍ 73 റണ്‍സെടുത്ത ശേഷമാണ് പിരിഞ്ഞത്. 

വാര്‍ണര്‍ 37 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. കെയ്ന്‍ വില്യംസണ്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

ഹൈദരാബാദ് ബൗളര്‍മാര്‍ തിളങ്ങിയതോടെ പഞ്ചാബിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി.

22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

കെ.ല്‍ രാഹുല്‍ (4), ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരന്‍ (0), ദീപക് ഹൂഡ (13) എന്നിവര്‍ക്കാര്‍ക്കും തന്നെ പഞ്ചാബ് സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. 

മോയ്‌സസ് ഹെന്റിക്വസ് (14), ഫാബിയാന്‍ അലന്‍ (6), മുരുഗന്‍ അശ്വിന്‍ (9), മുഹമ്മദ് ഷമി (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശര്‍മ രണ്ടു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് പഞ്ചാബ് കളത്തിലിറങ്ങിയത്. ജൈ റിച്ചാര്‍ഡ്‌സണും റിലി മെറിഡിത്തിനും പകരം ഫാബിയാന്‍ അലനും മോയ്‌സസ് ഹെന്റിക്വസും ഇടംപിടിച്ചു.

ഹൈദരാബാദ് ടീമില്‍ മുജീബ്, അബ്ദുള്‍ സമദ്, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് പകരം കെയ്ന്‍ വില്യംസണ്‍, കേദാര്‍ ജാദവ്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഇടംനേടി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 202 Punjab Kings vs Sunrisers Hyderabad Live Updates