ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ എട്ട് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലെത്തി. 

160 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സൺറൈസേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ഇതോടെ മത്സരം സമനിലയിലായി. അർധസെഞ്ചുറി നേടിയ കെയ്ൻ വില്യംസണിന്റെയും ജോണി ബെയർസ്റ്റോയുടെയും പ്രകടന മികവിലാണ് സൺറൈസേഴ്സ് 159 റൺസെടുത്തത്. 

ഡേവിഡ് വാര്‍ണറും വില്യംസണും ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിന് വേണ്ടി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. അക്ഷര്‍ പട്ടേലാണ് ഡല്‍ഹിയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന താരം രണ്ടാം പന്തില്‍ ഒരു റണ്‍സ് വഴങ്ങി. മൂന്നാം പന്തില്‍ വില്യംസണ്‍ ബൗണ്ടറി നേടി. നാലാം പന്തില്‍ വില്യംസണിന് റണ്‍സ് നേടാനായില്ല. അഞ്ചാം പന്തില്‍ വില്യംസണ്‍ ഒരു റണ്‍സ് നേടി. അവസാന പന്ത് നേരിട്ട വാര്‍ണര്‍ ഒരു  റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ സണ്‍റൈസേഴ്‌സ് സൂപ്പര്‍ ഓവറില്‍ ഏഴ് റണ്‍സിലൊതുങ്ങി,.

എട്ട് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്കായി ശിഖര്‍ ധവാനും ഋഷഭ് പന്തുമാണ് ഓപ്പണ്‍ ചെയ്തത്. റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞു. 

റാഷിദ് എറിഞ്ഞ ആദ്യ പന്തിലും രണ്ടാം പന്തിലും പന്തും ധവാനും സിംഗിളുകള്‍ എടുത്തു. മൂന്നാം പന്തില്‍ ഋഷഭ് പന്ത് ബൗണ്ടറി നേടിയതോടെ മൂന്ന് പന്തില്‍ ഡല്‍ഹിയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മതി എന്ന നിലയിലായി. എന്നാല്‍ നാലാം പന്തില്‍ റാഷിദ് റണ്‍ വഴങ്ങിയില്ല. ഇതോടെ ഡല്‍ഹിയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് എന്നായി. അഞ്ചാം പന്തില്‍ ലെഗ് ബൈയിലൂടെ പന്ത് ഒരു റണ്‍സ് നേടിയതോടെ അവസാന പന്തില്‍ ഒരു റണ്‍സ് എന്ന നിലയിലായി ഡല്‍ഹി. അവസാന പന്തിലും ലെഗ് ബൈയിലൂടെ റണ്‍സ് വന്നതോടെ ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി വിജയം സ്വന്തമാക്കി.

160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിനായി ജോണി ബെയര്‍സ്‌റ്റോ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച വാര്‍ണര്‍ റണ്‍ ഔട്ടായി. ആറ് റണ്‍സെടുത്ത വാര്‍ണര്‍ മടങ്ങുമ്പോള്‍ 28 ന് 1 എന്ന നിലയിലായി സണ്‍റൈസേഴ്‌സ്. 

ഒരു വിക്കറ്റ് വീണിട്ടും ബെയര്‍സ്‌റ്റോ കുലുങ്ങിയില്ല. തകര്‍പ്പന്‍ ഷോട്ടുകളുമായി താരം സണ്‍റൈസേഴ്‌സ് സ്‌കോര്‍ ഉയര്‍ത്തി. വാര്‍ണര്‍ക്ക് ശേഷം ക്രീസിലെത്തിയ വില്യംസണും നന്നായി ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ 5.2 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. 

എന്നാല്‍ ആറാം ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ ബെയര്‍സ്‌റ്റോയെ ആവേശ് ഖാന്‍ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. വെറും 18 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ ശേഷമാണ് ബെയര്‍‌സ്റ്റോ ക്രീസ് വിട്ടത്. 

ബെയര്‍സ്‌റ്റോ പുറത്തായെങ്കിലും മറുവശത്ത് മികച്ച ഷോട്ടുകളുമായി വില്യംസണ്‍ കളം നിറഞ്ഞു. എന്നാല്‍ നാലാമനായി കളിക്കാനെത്തിയ വിരാട് സിങ് 14 പന്തുകളില്‍ നിന്നും വെറും നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ആവേശ ഖാനാണ് താരത്തെ പുറത്താക്കിയത്. 

പിന്നീട് ക്രീസിലെത്തിയ കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് വില്യംസണ്‍ ടീം സ്‌കോര്‍ 100 കടത്തി. പക്ഷേ വെറും 9 റണ്‍സെടുത്ത ജാദവിനെ പുറത്താക്കി അമിത് മിശ്ര കളി ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. 

ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും കുലുങ്ങാതെ നിന്ന വില്യംസണ്‍ വൈകാതെ അര്‍ധശതകം പൂര്‍ത്തിയാക്കി. 42 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. ജാദവിന് പകരം ക്രീസിലെത്തിയ അഭിഷേക ശര്‍മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും അഞ്ച് റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി അക്ഷര്‍ സണ്‍റൈസേഴ്‌സിനെ പ്രതിരോധത്തിലാക്കി.

പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് വില്യംസണ്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വലിയ ഷോട്ടുകള്‍ കളിക്കുന്നതിന് പകരം പരമാവധി ഓടി റണ്‍സ് നേടാനാണ് വില്യംസണ്‍ ശ്രമിച്ചത്. അതിനിടയില്‍ വിജയ് ശങ്കറിന്റെ വിക്കറ്റെടുത്ത് ആവേശ് ഖാന്‍ സണ്‍റൈസേഴ്‌സിന് പ്രഹരമേല്‍പ്പിച്ചു. വെറും എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 

പിന്നീട് ക്രീസിലെത്തിയ സുചിത്ത് രണ്ട് ബൗണ്ടറികള്‍ നേടി സണ്‍ റൈസേഴ്‌സിന് ആശ്വാസം പകര്‍ന്നു. ഇതോടെ അവസാന ഓവറില്‍ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ 16 റണ്‍സ് എന്ന നിലയിലെത്തി. 

കഗിസോ റബാദയാണ് അവസാന ഓവര്‍ എറിയാനായി എത്തിയത്. ആദ്യ പന്ത് വൈഡായതോടെ സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം ആറുപന്തില്‍ 15 റണ്‍സ് എന്നായി. അടുത്ത പന്തില്‍ വില്യംസണ്‍ ബൗണ്ടറി നേടിയതോടെ സണ്‍റൈസേഴ്‌സ് വിജയത്തിലേക്ക് അടുത്തു. രണ്ടാം പന്തില്‍ സണ്‍റൈസേഴ്‌സിന് ഒരു റണ്‍ ബൈ ആയി ലഭിച്ചു. അവസാന നാലുപന്തുകളില്‍ 10 റണ്‍സ് വേണം എന്നിരിക്കേ മൂന്നാം പന്തില്‍ ഉഗ്രന്‍ സിക്‌സര്‍ നേടി സുചിത്ത് കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. ഇതോടെ മൂന്നു പന്തുകളില്‍ വെറും നാല് റണ്‍സ് മാത്രമായി ടീമിന്റെ വിജയലക്ഷ്യം.

നാലാം പന്തില്‍ വീണ്ടും ഒരു ബൈ റണ്‍സ് ലഭിച്ചതോടെ വിജയലക്ഷ്യം രണ്ട് പന്തുകളില്‍ നിന്നും 3 റണ്‍സ് എന്നായി. വില്യംസണാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം പന്തില്‍ വീണ്ടും ബൈ ലഭിച്ചതോടെ സണ്‍റൈസേഴ്‌സിന് അവസാന പന്തില്‍ രണ്ട് റണ്‍സ് എന്നായി വിജയലക്ഷ്യം. അവസാന പന്ത് നേരിട്ട സുചിത്ത് ഒരു റണ്‍സ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.51 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത വില്യംസണും ആറുപന്തുകളില്‍ നിന്നും 14 റണ്‍സ് നേടിയ സുചിത്തും പുറത്താവാതെ നിന്നു

അര്‍ധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും 37 റണ്‍സെടുത്ത നായകന്‍ ഋഷഭ് പന്തിന്റെയും പ്രകടനമികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. പൃഥ്വി ഷാ ആയിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും ചേര്‍ന്ന് ബാറ്റിങ് പവര്‍പ്ലേയില്‍ 51 റണ്‍സ് അടിച്ചെടുത്തു. 

പത്താം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത് പൃഥ്വി ഷാ അര്‍ധസെഞ്ചുറി നേടി. 34 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. 

എന്നാല്‍ 11-ാം ഓവറിലെ രണ്ടാം പന്തില്‍ ശിഖര്‍ ധവാന്റെ കുറ്റി തെറിപ്പിച്ച് റാഷിദ്ഖാന്‍ ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. 28 റണ്‍സെടുത്ത ധവാന്‍ ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. 

ധവാന് പകരം നായകന്‍ ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാല്‍ ധവാന് പിന്നാലെ പൃഥ്വി ഷായും പുറത്തായി. 39 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്ത താരത്തെ ഖലീല്‍ അഹമ്മദ് റണ്‍ ഔട്ടാക്കി. ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. 

ഋഷഭ് പന്തും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് അതീവശ്രദ്ധയോടെയാണ് കളിച്ചത്. 13.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. മോശം പന്തുകള്‍ തിരഞ്ഞെടുത്ത് ആക്രമിച്ച് കളിച്ച പന്ത് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. സ്മിത്ത് സിംഗിളുകളിലൂടെ അതിനുള്ള അവസരം പന്തിനൊരുക്കി. 

നിരവധി ഫീല്‍ഡിങ് പാളിച്ചകള്‍ സണ്‍റൈസേഴ്‌സ് വരുത്തിയത് ഡല്‍ഹിയ്ക്ക് ഗുണമായി. സ്മിത്തിന്റെയും പന്തിന്റെയും അനായാസ ക്യാച്ചുകളെല്ലാം സണ്‍റൈസേഴ്‌സ് ഫീല്‍ഡര്‍മാര്‍ പാഴാക്കി. 

പന്തും സ്മിത്തും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തി. പിന്നാലെ ഋഷഭ് പന്ത് പുറത്തായി. 27 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്ത താരത്തെ സിദ്ധാര്‍ഥ് കൗള്‍ പുറത്താക്കി. പന്ത് പുറത്താവുമ്പോള്‍ 142 ന് മൂന്ന് എന്ന നിലയിലായി ഡല്‍ഹി. അതേ ഓവറിലെ അവസാന പന്തില്‍ ഹെറ്റ്മയറെ വെറും ഒരു റണ്‍സിന് പുറത്താക്കി സിദ്ധാര്‍ഥ് ഡല്‍ഹിയെ തളച്ചു.

മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ വേണ്ട പോലെ റണ്‍സ് ഉയര്‍ത്താന്‍ ഡല്‍ഹിയ്ക്ക് കഴിഞ്ഞില്ല. 34 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും രണ്ട് റണ്‍സ് നേടിയ സ്‌റ്റോയിനിസും പുറത്താവാതെ നിന്നു. സണ്‍റൈസേഴ്‌സിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ്ഖാന്‍ ഒരു വിക്കറ്റ് നേടി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Delhi Capitals vs Sunrisers Hyderabad IPL 2021 live blog