അബുദാബി:അര്‍ധസെഞ്ചുറി നേടി ഫോമിലേക്കുയര്‍ന്നിട്ടും സഞ്ജു സാംസണ് രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന് 33 റണ്‍സിന്റെ തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്താനേ കഴിഞ്ഞുള്ളൂ. കണിശതയോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാരാണ് ടീമിന് വിജയം സമ്മാനിച്ചത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ ആറിന് 154. രാജസ്ഥാന്‍ 20 ഓവറില്‍ ആറിന് 121

സഞ്ജു 53 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 70 റണ്‍സ് നേടി പുറത്താവാതെ നിന്നു. സഞ്ജുവൊഴികെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. സഞ്ജുവും ലോംറോറും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്ന് ഡല്‍ഹി വീണ്ടും ഒന്നാമതെത്തി. ഒപ്പം പ്ലേ ഓഫും ഏകദേശം ഉറപ്പിച്ചു. 

154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ലിവിങ്‌സ്റ്റണിനെ മടക്കി ആവേശ്ഖാന്‍ ഡല്‍ഹിയ്ക്ക് സ്വപ്‌നസമാനമായ തുടക്കം സമ്മനിച്ചു.വെറും ഒരു റണ്‍സെടുത്ത താരത്തെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി. 

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാളിനെ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ച് ആന്റിച്ച് നോര്‍ക്കേ രാജസ്ഥാനെ തകര്‍ത്തു. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ രാജസ്ഥാന്‍ 1.1 ഓവറില്‍ ആറിന് രണ്ട് വിക്കറ്റ് എന്ന ദയനീയമായ അവസ്ഥയിലായി. 

ഓപ്പണര്‍മാര്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ നായകന്‍ സഞ്ജുവും ഡേവിഡ് മില്ലറും അതീവ ശ്രദ്ധയോടെയാണ് പന്തുകളെ നേരിട്ടത്. സിംഗിളുകള്‍ മാത്രമെടുത്ത് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇരുവരും പതിയേ നീങ്ങി. പക്ഷേ സ്‌കോര്‍ 17-ല്‍ നില്‍ക്കേ അശ്വിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് കടന്നാക്രമിച്ച ഡേവിഡ് മില്ലറെ ഋഷഭ് പന്ത് സ്റ്റ്ംപ് ചെയ്ത് പുറത്താക്കി. വെറും ഏഴ് റണ്‍സ് മാത്രമാണ് കില്ലര്‍ മില്ലറുടെ സമ്പാദ്യം. 

ബാറ്റിങ് പവര്‍പ്ലേയില്‍ രാജസ്ഥാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വെറും 21 റണ്‍സ് മാത്രമാണ് നേടിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 

മില്ലറിന് പകരം ക്രീസിലെത്തിയ ലോംറോറിനെ കൂട്ടുപിടിച്ച് സഞ്ജു ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ആദ്യ പത്തോവറില്‍ വെറും 48 റണ്‍സാണ് രാജസ്ഥാന് നേടാനായത്. പിന്നാലെ ലോംറോറിനെയും രാജസ്ഥാന് നഷ്ടമായി. റബാദയുടെ പന്തില്‍ സിക്‌സ് നേടാനുള്ള ലോംറോറിന്റെ ശ്രമം ആവേശം ഖാന്റെ കൈയ്യില്‍ അവസാനിച്ചു. 19 റണ്‍സാണ് താരം നേടിയത്. ഇതോടെ രാജസ്ഥാന്‍ 48 ന് നാല് എന്ന നിലയിലായി. 

പിന്നാലെ വന്ന റിയാന്‍ പരാഗിനും പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. ഇതോടെ രാജസ്ഥാന്‍ 55 ന് അഞ്ച് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് രാഹുല്‍ തെവാത്തിയ ക്രീസിലെത്തിയിട്ടും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

സഞ്ജു ഒറ്റയ്ക്ക് പൊരുതാന്‍ ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. എന്നാല്‍ റബാദ എറിഞ്ഞ 15-ാം ഓവറില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചുകൊണ്ട് സഞ്ജു ടീമിന് ജിവനേകി. അവസാന അഞ്ചോവറില്‍ 73 റണ്‍സ് നേടിയാല്‍ മാത്രമേ ടീമിന് വിജയം നേടാനാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. 

പിന്നാലെ സഞ്ജു അര്‍ധശതകം പൂര്‍ത്തിയാക്കി. 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. പക്ഷേ വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല. മറുവശത്ത് തെവാത്തിയ കൂടി മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. വെറും ഒന്‍പത് റണ്‍സെടുത്ത താരത്തെ നോര്‍ക്കെ മടക്കി. സഞ്ജു 70 റണ്‍സെടുത്തും ഷംസി രണ്ട് റണ്‍സ് നേടിയും പുറത്താവാതെ നിന്നു

ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ ടീമിന് വിജയം സമ്മാനിച്ചു. ഡല്‍ഹിയ്ക്ക് വേണ്ടി നോര്‍ക്കെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, റബാദ, അശ്വിന്‍, അക്ഷര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിനൊതുക്കിയത്. ശ്രേയസ്സ് അയ്യരും ഷിംറോണ്‍ ഹെറ്റ്‌മെയറും മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി പതിവുപോലെ ശിഖര്‍ ധവാനും പൃഥ്വി ഷായും ഓപ്പണ്‍ ചെയ്തു. കരുതലോടെയാണ് ഇരുവരും കളിച്ചുതുടങ്ങിയത്. എന്നാല്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ധവാനെ വീഴ്ത്തി കഴിഞ്ഞ മത്സരത്തിലെ ഹീറോ കാര്‍ത്തിക് ത്യാഗി ഡല്‍ഹിയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 

സ്‌കോര്‍ 18-ല്‍ നില്‍ക്കേ വെറും എട്ട് റണ്‍സ് മാത്രമെടുത്ത ധവാനെ ത്യാഗി ബൗള്‍ഡാക്കുകയായിരുന്നു. ത്യാഗിയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ധവാന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റിലിടിച്ചു. മത്സരത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താന്‍ ത്യാഗിയ്ക്ക് സാധിച്ചു. 

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ പൃഥ്വി ഷായെയും പറഞ്ഞയച്ച് രാജസ്ഥാന്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ചേതന്‍ സക്കറിയയുടെ പന്തില്‍ സിക്‌സ് നേടാനുള്ള ഷായുടെ ശ്രമം പാളി. പന്ത് അനായാസം ലിവിങ്സ്റ്റണ്‍ കൈയ്യിലൊതുക്കി. വെറും 10 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ഡല്‍ഹി സ്‌കോര്‍ 21 ന് രണ്ട് എന്ന നിലയിലേക്ക് വീണു. 

രണ്ടു വിക്കറ്റുകള്‍ വീണ ശേഷം ഡല്‍ഹിക്കായി നായകന്‍ ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് നേടിയത്. 

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണതിനാല്‍ പന്തും ശ്രേയസ്സും അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളില്‍ റണ്‍റേറ്റ് നന്നായി കുറഞ്ഞു. 8.2 ഓവറിലാണ് ടീം സ്‌കോര്‍ 50 കടന്നത്. എന്നാല്‍ പതിയേ ഡല്‍ഹി ട്രാക്കിലേക്ക് കയറി. ശ്രേയസ്സ് ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചതോടെ റണ്‍റേറ്റ് ഉയര്‍ന്നു. പന്തിനൊപ്പം താരം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 

എന്നാല്‍ ഡല്‍ഹിയെ ഞെട്ടിച്ചുകൊണ്ട് മുസ്താഫിസുര്‍ റഹ്മാന്‍ ഋഷഭ് പന്തിന്റെ വിക്കറ്റ് പിഴുതു. 24 റണ്‍സെടുത്ത ഡല്‍ഹി നായകന്‍ ഷോര്‍ട്ട് പിച്ച് പന്ത് ബൗണ്ടറി നേടാന്‍ ശ്രമിക്കവേ പന്ത് ബാറ്റിലുരസി വിക്കറ്റും കൊണ്ട് പോയി. തകര്‍ച്ചയില്‍ നിന്നും കരകയറി വന്ന ഡല്‍ഹിയ്ക്ക് വലിയ തിരച്ചടിയാണ് ഈ വിക്കറ്റ് സമ്മാനിച്ചത്. 

ഡല്‍ഹിയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചുകൊണ്ട് പന്തിന് പിന്നാലെ ശ്രേയസ്സ് അയ്യരും പുറത്തായി. മിന്നല്‍ സ്റ്റംപിങ്ങിലൂടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണാണ് താരത്തെ പുറത്താക്കിയത്. രാഹുല്‍ തെവാത്തിയയുടെ പന്തില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ശ്രേയസ്സിന്റെ ശ്രമം വിഫലമായി. തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ സഞ്ജു ശ്രേയസ്സിനെ പവലിയനിലേക്ക് മടക്കി. 32 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 43 റണ്‍സാണ് ശ്രേയസ് നേടിയത്. 

പന്തും ശ്രേയസ്സും പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഷിംറോണ്‍ ഹെറ്റ്‌മെയറും ലളിത് യാദവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹെറ്റ്‌മെയര്‍ രാജസ്ഥാന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. 16 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 28 റണ്‍സെടുത്ത ഹെറ്റ്‌മെയര്‍ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയെങ്കിലും നിര്‍ണായക സമയത്ത് താരത്തെ പുറത്താക്കി മുസ്താഫിസുര്‍ വീണ്ടും ഡല്‍ഹിയ്ക്ക് പ്രഹരമേല്‍പ്പിച്ചു. യോര്‍ക്കര്‍ ലെങ്ത്തില്‍ വന്ന പന്ത് ആക്രമിക്കാന്‍ ശ്രമിച്ച ഹെറ്റ്‌മെയറുടെ ഷോട്ട് സക്കറിയ കൈയ്യിലൊതുക്കി.

പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചേതന്‍ സക്കറിയയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 12 റണ്‍സാണ് താരം നേടിയത്. ലളിത് യാദവ് 14 റണ്‍സെടുത്തും അശ്വിന്‍ ആറ് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

രാജസ്ഥാന് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുര്‍ മത്സരത്തില്‍ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: Delhi Capitals vs Rajasthan Royals 2021 IPL Live