ഷാര്‍ജ:ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിറപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കീഴടക്കി. ആവേശകരമായ മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴടക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അവസാന ഓവറിലാണ് മറികടന്നത്. ധോനിയുടെ തകര്‍പ്പന്‍ സിക്‌സിലൂടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു. രണ്ട് പന്തുകള്‍ ശേഷിക്കേയാണ് മഞ്ഞപ്പടയുടെ വിജയം.ഈ വിജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായി ചെന്നൈ മാറി.

ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സൂപ്പര്‍ കിങ്‌സിനെ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് വിജയം സമ്മാനിച്ചത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഏഴിന് 134. ചെന്നൈ 19.4 ഓവറില്‍ നാലിന് 139.

ഈ വിജയത്തോടെ 18 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

135 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും ഋതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് നല്‍കിയത്. ആദ്യ രണ്ടോവറില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും പതിയേ ടീം ട്രാക്കില്‍ കയറി. ഋതുരാജാണ് ആദ്യം ആക്രമിക്കാന്‍ ആരംഭിച്ചത്. പിന്നാലെ ഡുപ്ലെസ്സിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 6.4 ഓവറില്‍ ചെന്നൈ 50 കടത്തി. 

ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 10.5 ഓവറില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഋതുരാജായിരുന്നു കൂടുതല്‍ ആക്രമണകാരി. പത്തുവിക്കറ്റ് ജയത്തിലേക്ക് ചെന്നൈ കുതിക്കുമെന്ന് തോന്നിച്ചെങ്കിലും ജേസണ്‍ ഹോള്‍ഡര്‍ അതിന് തടയിട്ടു. 10.1 ഓവറില്‍ ഋതുരാജിനെ പുറത്താക്കി ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സിന് ആശ്വാസം പകര്‍ന്നു. 38 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 45 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. 

ഋതുരാജിന് പകരമായി മോയിന്‍ അലി ക്രീസിലെത്തി. അലിയെ കൂട്ടുപിടിച്ച് ഡുപ്ലെസി 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ അലിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 17 റണ്‍സെടുത്ത താരത്തെ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. റാഷിദിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച അലിയുടെ പാഡില്‍ തട്ടി തിരിഞ്ഞ പന്ത് വിക്കറ്റിലിടിച്ചു. 

അലിയ്ക്ക് പകരം വന്ന റെയ്‌ന ഈ മത്സരത്തിലും പരാജയമായി. പന്തിന്റെ ഗതി മനസ്സിലാക്കാന്‍ വിഷമിച്ച റെയ്‌നയെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വെറും രണ്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറില്‍ തന്നെ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഫാഫ് ഡുപ്ലെസ്സിയെയും മടക്കി ഹോള്‍ഡര്‍ കൊടുങ്കാറ്റായി. 36 പന്തുകളില്‍ നിന്ന 41 റണ്‍സെടുത്ത ഡുപ്ലെസി അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ഇതോടെ ചെന്നൈ പതറി. കളി ആവേശത്തിലേക്കുയര്‍ന്നു. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ പെട്ടെന്നാണ് തകര്‍ച്ചയിലേക്ക് വീണത്. 

അവസാന മൂന്നോവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നു. അമ്പാട്ടി റായുഡുവും ധോനിയുമാണ് ക്രീസിലുണ്ടായിരുന്നത്. സിദ്ധാര്‍ഥ് കൗള്‍ എറിഞ്ഞ 18-ാം ഓവറില്‍ ആറുറണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ധോനി റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഇതോടെ രണ്ടോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 16 റണ്‍സായി. 

എന്നാല്‍ ഭുവനേശ്വര്‍ എറിഞ്ഞ 19-ാം ഓവറില്‍ സിക്‌സടിച്ചുകൊണ്ട് അമ്പാട്ടി റായുഡു സമ്മര്‍ദം കുറച്ചു. പിന്നാലെ ധോനി ഫോറടിച്ചതോടെ ചെന്നൈ വിജയമുറപ്പിച്ചു. അവസാന ഓവറില്‍ തകര്‍പ്പന്‍ സിക്‌സടിച്ച് പഴയകാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ധോനി ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. ധോനി 14 ഉം റായുഡു 17 ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മികച്ച ബൗളിങ് കാഴ്ചവെച്ച ചെന്നൈ ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സിനെ വരിഞ്ഞുമുറുക്കി. ഒരിക്കല്‍ പോലും ആധിപത്യം പുലര്‍ത്താന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല.

ഡേവിഡ് വാര്‍ണറെ പുറത്തിരുത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം ജേസണ്‍ റോയിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ റോയ്ക്ക് ഈ മത്സരത്തില്‍ തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ധോനിയുടെ കൈയ്യിലെത്തിച്ചു. വിക്കറ്റിന് പിന്നില്‍ 100 ക്യാച്ചെടുത്തുകൊണ്ട് ധോനി ഈ മത്സരത്തിലൂടെ ചരിത്രത്തില്‍ ഇടം നേടി.

റോയ്ക്ക് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തു. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഡ്വെയ്ന്‍ ബ്രാവോ സണ്‍റൈസേഴ്‌സിന് പ്രഹരമേല്‍പ്പിച്ചു. 11 പന്തുകളില്‍ നിന്ന് 11 റണ്‍സെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കി. 

രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട സണ്‍റൈസേഴ്‌സിനുവേണ്ടി ക്രീസില്‍ സാഹയും പ്രിയം ഗാര്‍ഗും ഒന്നിച്ചു. 8.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. അതേ ഓവറിലെ മൂന്നാം പന്തില്‍ സാഹയെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കിയെങ്കിലും അമ്പയര്‍ നോ ബോള്‍ വിളിച്ചു. 

സാഹ നന്നായി ബാറ്റുവീശിയെങ്കിലും പ്രിയം ഗാര്‍ഗ് ഈ മത്സരത്തിലും പരാജയപ്പെട്ടു. അനാവശ്യ ഷോട്ടിന് ശ്രമിച്ച താരം ധോനിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ സാഹയും പുറത്തായതോടെ സണ്‍റൈസേഴ്‌സ് തകര്‍ച്ചയിലേക്ക് വീണു. 46 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത സാഹയെ ജഡേജ ധോനിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സണ്‍റൈസേഴ്‌സ് 74 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായി. 

പിന്നീട് ക്രീസിലൊന്നിച്ച അബ്ദുള്‍ സമദും അഭിഷേക് ശര്‍മയും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. 15.3 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. അഭിഷേകും സമദും ഒരുപോലെ ബാറ്റ് വീശാന്‍ തുടങ്ങിയതോടെ സണ്‍റൈസേഴ്‌സിന് ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ സ്‌കോര്‍ 109-ല്‍ നില്‍ക്കേ 18 റണ്‍സെടുത്ത അഭിഷേകിനെ മടക്കി ഹെയ്‌സല്‍വുഡ് വീണ്ടും സണ്‍റൈസേഴ്‌സിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അതേ ഓവറില്‍ തന്നെ സമദിനെയും താരം പറഞ്ഞയച്ചു. 18 റണ്‍സെടുത്ത സമദിനെ ഹെയ്‌സല്‍വുഡ് മോയിന്‍ അലിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സണ്‍റൈസേഴ്‌സ് 111 ന് ആറ് വിക്കറ്റ് എന്ന നിലയിലായി. 

പിന്നാലെ വന്ന ഹോള്‍ഡര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അഞ്ചുറണ്‍സ് മാത്രമെടുത്ത താരത്തെ ശാര്‍ദുല്‍ ചാഹറിന്റെ കൈയ്യിലെത്തിച്ചു. അവസാന ഓവറുകളില്‍ ആക്രമിച്ചുകളിച്ച റാഷിദ് ഖാനാണ് ടീം സ്‌കോര്‍ 130 കടത്തിയത്. റാഷിദ് 17 റണ്‍സെടുത്തും ഭുവനേശ്വര്‍ രണ്ട് റണ്‍സെടുത്തും പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡ്വെയ്ന്‍ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാര്‍ദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Chennai Super Kings vs Sunrisers Hyderabad IPL 2021 Live