അബുദാബി: തകര്‍ത്താടിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിങ്‌സ്. ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ചെന്നൈയിനെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ജഡേജയാണ് വിജയത്തിലേക്ക് നയിച്ചത്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ദീപക്ചാഹര്‍ ചെന്നൈയ്ക്ക് വേണ്ടി വിജയറണ്‍ നേടി. ഈ വിജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ ആറിന് 171. ചെന്നൈ 20 ഓവറില്‍ എട്ടിന് 172.

അവസാന രണ്ടോവറില്‍ ജയിക്കാന്‍ 26 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും നേടിക്കൊണ്ട് ജഡേജ കളി ചെന്നൈയ്ക്ക് അനുകൂലമാക്കി. അവസാന ഓവറില്‍ ചെന്നൈയുടെ ലക്ഷ്യം വെറും നാല് റണ്‍സായി ചുരുങ്ങി. എന്നാല്‍ അവസാന ഓവറില്‍ ജഡേജയെയും സാം കറനെയും പുറത്താക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ വിജയറണ്‍ കുറിച്ച് ദീപക് ഹാചര്‍ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. എട്ട് പന്തില്‍ നിന്നും 22 റണ്‍സെടുത്ത ജഡേജയാണ് കളിയുടെ ഗതി മാറ്റിയത്. 

172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും മധ്യനിര നിലംപതിച്ചു. ഇതോടെ കളി കൊല്‍ക്കത്തയുടെ കൈയ്യിലായി. 

ചെന്നൈയ്ക്ക് വേണ്ടി ശ്രദ്ധയോടെയാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസ്സിയും കളിച്ചുതുടങ്ങിയത്. മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച ഇരുവരും 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. രണ്ടുപേരും ഒപ്പത്തിനൊപ്പം നിന്നാണ് ചെന്നൈയ്ക്ക് വേണ്ടി പോരാടിയത്. 

എന്നാല്‍ സ്‌കോര്‍ 74-ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് ആന്ദ്രെ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു. 28 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 40 റണ്‍സെടുത്ത അപകടകാരിയായ ഋതുരാജ് ഗെയ്ക്‌വാദിനെയാണ് റസ്സല്‍ പുറത്താക്കിയതത്. റസ്സലിന്റെ സ്ലോബോള്‍ നേരിടുന്നതില്‍ താരം പരാജയപ്പെട്ടു. ഋതുരാജിന്റെ ഷോട്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ കൈയ്യിലൊതുക്കി. ഓപ്പണിങ് വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് താരം ക്രീസ് വിട്ടത്. 

പിന്നാലെ വന്ന മോയിന്‍ അലി ആദ്യ പന്തുതൊട്ട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ 10.5 ഓവറില്‍ 100 കടന്നു. പക്ഷേ സ്‌കോര്‍ 102-ല്‍ നില്‍ക്കേ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഫാഫ് ഡുപ്ലെസ്സിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ചെന്നൈയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 30 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 43 റണ്‍സെടുത്ത താരത്തെ മികച്ച ക്യാച്ചിലൂടെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി. 

ഡുപ്ലെസ്സി പുറത്തായതോടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. ക്രീസിലെത്തിയ അമ്പാട്ടി റായുഡുവും മോയിന്‍ അലിയും ശ്രദ്ധയോടെയാണ് പിന്നീട് കളിച്ചത്. എന്നാല്‍ 24 റണ്‍സെടുത്ത റായുഡുവിന്റെ വിക്കറ്റ് പിഴുത് സുനില്‍ നരെയ്ന്‍ കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. റായുഡുവിന് പകരം വന്ന റെയ്‌ന നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിക്കൊണ്ട് വരവറിയിച്ചു. 

അവസാന അഞ്ചോവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 46 റണ്‍സാണ് വേണ്ടിയിരുന്നത്. 16-ാം ഓവറെറിയാന്‍ നായകന്‍ മോര്‍ഗന്‍ വെങ്കടേഷ് അയ്യരെയാണ് പന്തേല്‍പ്പിച്ചത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പേരെടുത്ത വെങ്കടേഷ് പന്തുകൊണ്ടും അത്ഭുതപ്പെടുത്തി. മീഡിയം പേസറായ താരം 16-ാം ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി മത്സരം ആവേശക്കൊടുമുടിയിലെത്തിച്ചു. 

തൊട്ടടുത്ത ഓവര്‍ ചെയ്ത ലോക്കി ഫെര്‍ഗൂസന്‍ ഫോമിലുള്ള ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ പുറത്താക്കിയതോടെ മത്സരം കൂടുതല്‍ കനത്തു. 32 റണ്‍സെടുത്ത അലിയുടെ സിക്‌സ് പായിക്കാനുള്ള ശ്രമം വെങ്കടേഷ് അയ്യരുടെ കൈയ്യില്‍ അവസാനിച്ചു. അലിയ്ക്ക് പകരം ധോനി ക്രീസിലെത്തി.

അവസാന മൂന്നോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 31 റണ്‍സായി. എന്നാല്‍ 18-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റെയ്‌ന റണ്‍ ഔട്ടായതോടെ ചെന്നൈ വീണ്ടും പ്രതിസന്ധിയിലായി. അതേ ഓവറില്‍ തന്നെ വെറും ഒരു റണ്‍ മാത്രമെടുത്ത ധോനിയെ ക്ലീന്‍ ബൗള്‍ഡാക്കി വരുണ്‍ ചക്രവര്‍ത്തി ചെന്നൈയുടെ ആറാം വിക്കറ്റ് പിഴുതെടുത്തു. ആ ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇതോടെ അവസാന രണ്ടോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 26 റണ്‍സായി. 

പക്ഷേ 19-ാം ഓവറെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയെ തുടര്‍ച്ചയായി രണ്ട് തവണ സിക്‌സ് കടത്തി രവീന്ദ്ര ജഡേജ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി. 22 റണ്‍സാണ് പ്രസിദ്ധ് ആ ഓവറില്‍ വഴങ്ങിയത്. ഇതോടെ അവസാന ഓവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം വെറും നാല് റണ്‍സായി ചുരുങ്ങി.

20-ാം ഓവറെറിഞ്ഞ നരെയ്ന്‍ ആദ്യ പന്തില്‍ തന്നെ നാല് റണ്‍സെടുത്ത സാം കറനെ പുറത്താക്കി. കറന് പകരം ക്രീസിലെത്തിയ ശാര്‍ദുല്‍ നേരിട്ട രണ്ടാം പന്തില്‍  മൂന്ന് റണ്‍സ് നേടി. നാലാം പന്തില്‍ ജഡേജയ്ക്ക് റണ്‍ നേടാനായില്ല. അഞ്ചാം പന്തില്‍ ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി നരെയ്ന്‍ വീണ്ടും കളി ആവേശത്തിലാക്കി. ഇതോടെ ചെന്നൈയ്ക്ക് ജയിക്കാന്‍ ഒരു പന്തില്‍ ഒരു റണ്‍സ് വേണം എന്ന നിലയിലായി മത്സരം. അവസാന പന്ത് നേരിട്ട ദീപക് ചാഹര്‍ സിംഗിളെടുത്തുകൊണ്ട് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റെടുത്തു. സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസന്‍, ആന്ദ്രെ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ന്നെങ്കിലും പിന്നീട് തിരിച്ചടിച്ച കൊല്‍ക്കത്ത മികച്ച സ്‌കോര്‍ കണ്ടെത്തി. 45 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ദിനേശ് കാര്‍ത്തിക്കും നിതീഷ് റാണയും ചേര്‍ന്നാണ് ടീം സ്‌കോര്‍ 170 കടത്തിയത്.  

ടോസ് നേടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് വേണ്ടി പതിവുപോലെ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഗില്‍ നന്നായി തുടങ്ങിയെങ്കിലും ആ ഓവറിലെ അവസാന പന്തില്‍ താരം റണ്‍ ഔട്ടായി. അനാവശ്യ റണ്ണിന് ശ്രമിച്ച ഗില്ലിനെ അമ്പാട്ടി റായുഡുവാണ് പുറത്താക്കിയത്. ഗില്‍ പുറത്താകുമ്പോള്‍ 10 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത.

ഗില്ലിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുല്‍ ത്രിപാഠി ക്രീസിലെത്തി. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ അപകടകാരിയായ വെങ്കടേഷ് അയ്യരെ പുറത്താക്കാനുള്ള അവസരം ഫാഫ് ഡുപ്ലെസ്സി നഷ്ടപ്പെടുത്തി. പിന്നീട് ശ്രദ്ധയോടെ കളിച്ച അയ്യരും രാഹുലും ചേര്‍ന്ന് അഞ്ചോവറില്‍ ടീം സ്‌കോര്‍ 50 കടത്തി. 

എന്നാല്‍ ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വെങ്കടേഷ് അയ്യരെ മടക്കി ശാര്‍ദുല്‍ ഠാക്കൂര്‍ കളി ചെന്നൈയ്ക്ക് അനുകൂലമാക്കി. നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തുന്ന ശീലം ഇക്കളിയും ശാര്‍ദുല്‍ പുറത്തെടുത്തു. 18 റണ്‍സെടുത്ത് മികച്ച പ്രകടനവുമായി മുന്നേറിയ വെങ്കടേഷിനെ ശാര്‍ദുല്‍ ധോനിയുടെ കൈയ്യിലെത്തിച്ചു. ആ ഓവര്‍ താരം മെയ്ഡനാക്കുകയും ചെയ്തു.

വെങ്കടേഷിന് പകരം നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. എന്നാല്‍ വൈകാതെ കൊല്‍ക്കത്തയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. മോശം ഫോം തുടരുന്ന നായകന്‍ മോര്‍ഗനാണ് പുറത്തായത്. 14 പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത മോര്‍ഗനെ ഹെയ്‌സല്‍വുഡ് പുറത്താക്കി. സിക്‌സ് നേടാനുള്ള മോര്‍ഗന്റെ ശ്രമം ബൗണ്ടറി ലൈനില്‍ നിന്നും ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഡുപ്ലെസ്സി വിഫലമാക്കി. ഇതോടെ കൊല്‍ക്കത്ത 70 ന് മൂന്ന് എന്ന നിലയിലായി. 

പിന്നാലെ ഫോമിലുള്ള രാഹുലിനെയും മടക്കി ചെന്നൈ കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 33 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്ത രാഹുലിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. 

പിന്നീട് ക്രീസിലൊന്നിച്ച നിതീഷ് റാണയും ആന്ദ്രെ റസ്സലും ചേര്‍ന്ന് 13.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പതിയേ തുടങ്ങിയ റസ്സല്‍ പിന്നീട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. സാം കറന്‍ എറിഞ്ഞ 15-ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും റസ്സല്‍ നേടി. എന്നാല്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ച റസ്സല്‍ ശാര്‍ദുലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി, 20 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 

റസ്സല്‍ പുറത്തായശേഷം ആക്രമണച്ചുമതല ഏറ്റെടുത്ത നിതീഷ് റാണ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. റസ്സലിന് പകരമെത്തിയ ദിനേഷ് കാര്‍ത്തിക്കും നന്നായി കളിച്ചതോടെ കൊല്‍ക്കത്ത സ്‌കോര്‍ 150 കടന്നു. സാം കറന്‍ എറിഞ്ഞ 19-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 19 റണ്‍സാണ് അടിച്ചെടുത്തത്. അതില്‍ ഭൂരിഭാഗവും സ്‌കോര്‍ ചെയ്തത് കാര്‍ത്തിക്കാണ്. എന്നാല്‍ അവസാന ഓവറില്‍ താരം ഹെയ്‌സല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. 10 പന്തുകളില്‍ നിന്ന് 26 റണ്‍സടിച്ചാണ് കാര്‍ത്തിക്ക് ക്രീസ് വിട്ടത്. റാണ 27 പന്തുകളില്‍ നിന്ന് 37 റണ്‍സ് നേടി പുറത്താവാതെ നിന്നു. 

ചെന്നൈയ്ക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ ഒരു വിക്കറ്റെടുത്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Chennai Super Kings vs Kolkata Knight Riders IPL 2021 live