മുംബൈ: ഐ.പി.എല്‍ 14-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ. ഇത്തവണത്തെ സീസണിന്റെ മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു.

ഏപ്രില്‍ ഒമ്പതിന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ആദ്യ മത്സരത്തിന് വേദിയാകുക.

ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതം നടക്കും. അഹമ്മദാബാദും ഡല്‍ഹിയും എട്ടു മത്സരങ്ങള്‍ക്ക് വീതം വേദിയാകും. ആറു വേദികളിലായാണ് ടൂര്‍ണമെന്റ്. 

മെയ് 30-നാണ് 14-ാം സീസണിന്റെ ഫൈനല്‍. ഇത്തവണത്തെ പ്ലേ ഓഫിനും ഫൈനലിനും വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്.

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് ബി.സി.സി.ഐ തീരുമാനം. പിന്നീട് സാഹചര്യം കൂടി കണക്കിലെടുത്ത് ഇതില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കും.

ലീഗ് ഘട്ടത്തില്‍ ഓരോ ടീമും ആകെയുള്ള ആറ് വേദികളിലെ നാല് വേദികളില്‍ വീതമായിരിക്കും മത്സരങ്ങള്‍ കളിക്കുക. ആകെ 56 ലീഗ് മത്സരങ്ങള്‍. ഒരു ടീമിന് പോലും ഹോം മത്സരം ഉണ്ടാകില്ല. നിഷ്പക്ഷ വേദികളിലാണ് എല്ലാ ടീമുകളും മത്സരങ്ങള്‍ കളിക്കുക.

പ്ലേ ഓഫിലെത്തിയാലും ഹോം ടീമെന്ന ആനുകൂല്യമുണ്ടാകില്ല. കാരണം പ്ലേ ഓഫും ഫൈനലും അഹമ്മദാബാദിലാണ്. 

മത്സരങ്ങള്‍ 7.30-ന് തന്നെയാണ്. വൈകീട്ടത്തെ മത്സരങ്ങള്‍ മൂന്നു മണിക്ക് തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഇത്തവണ ഇന്ത്യയിലും വിജയകരമായി ടൂര്‍ണമെന്റ് സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ.

Content Highlights: IPL 2021 to begin on April 9 in Chennai