ഉടമ: സണ്‍ ഗ്രൂപ്പ്

ക്യാപ്റ്റന്‍: ഡേവിഡ് വാര്‍ണര്‍

കോച്ച്: ട്രെവര്‍ ബെയ്ലിസ്

2013-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ചുതുടങ്ങിയതു മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആദ്യ സീസണില്‍ പ്ലേ ഓഫില്‍ എത്തി. 2016-ല്‍ കിരീടം നേടി. 2018-ല്‍ റണ്ണറപ്പുമായി. കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേ ഓഫില്‍ കളിച്ചു.

ഐ.പി.എലില്‍ റണ്‍നേട്ടത്തില്‍ മുന്നിലുള്ള വിദേശതാരമായ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണ് ടീമിന്റെ തുറുപ്പുചീട്ട്. വാര്‍ണര്‍ മൂന്നു സീസണുകളില്‍ ടോപ് സ്‌കോററായി. ഇക്കുറിയും ഡേവിഡ് വാര്‍ണറുടെ കീഴിലാണ് ടീം ഇറങ്ങുന്നത്. ഒപ്പം ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരും ബാറ്റിങ്ങിന് കരുത്തായുണ്ട്.

ഇക്കുറി ഹൈദരാബാദ് കാര്യമായ പര്‍ച്ചേസുകള്‍ നടത്തിയിട്ടില്ല. മിച്ചല്‍ മാര്‍ഷിനു പകരം ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയി അവസാനഘട്ടത്തില്‍ ടീമിലെത്തി. കേദാര്‍ ജാദവ്, ജെ. സുചിത്, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെയും വാങ്ങി.

പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റ് പിന്‍മാറിയത് ടീമിന് ആഘാതമായിരുന്നു. ഭുവി ഇപ്പോള്‍ പരിക്കുമാറി തിരിച്ചെത്തിയിട്ടുണ്ട്. ഒപ്പം പേസര്‍മാരായി ടി. നടരാജന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, മലാളി താരം ബേസില്‍ തമ്പി തുടങ്ങിയവരുമുണ്ട്. 

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വിലപിടിച്ച സ്പിന്നറായ റാഷിദ് ഖാനൊപ്പം ഷഹബാസ് നദീം, മുജിബ് ഉര്‍ റഹ്മാന്‍ എന്നിവരടങ്ങുന്നതാണ് സ്പിന്‍ വിഭാഗം.

ഒറ്റനോട്ടത്തില്‍ ഹൈദരാബാദ് അതിശക്തമായ ടീമാണെന്ന് പറയാനാകില്ല. എന്നാല്‍, കുറച്ചുകാലമായി ഒരുമിച്ച് കളിക്കുന്ന ഒരുകൂട്ടം കളിക്കാര്‍ ടീമിലുണ്ട്.

പ്രധാന താരങ്ങള്‍: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, സന്ദീപ് ശര്‍മ.

ഐ.പി.എലില്‍

ആകെ മത്സരം: 125

വിജയം : 66 തോല്‍വി: 58

വിജയ ശതമാനം: 53

മികച്ച പ്രകടനം: കിരീടം 2016

Content Highlights: IPL 2021 Sunrisers Hyderabad Team Preview