മുംബൈ: ഐ.പി.എല്‍ 14-ാം സീസണ്‍ ആരംഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. കാരണം ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത് സഞ്ജുവിന്റെ നേതൃത്വത്തിലാണ്. ആറു സീസണുകളിലായി രാജസ്ഥാനൊപ്പമുള്ള സഞ്ജു ഇതാദ്യമായാണ് രാജസ്ഥാനെ നയിക്കാനൊരുങ്ങുന്നത്.

ഇത്തവണത്തെ താരലേലത്തിനു മുമ്പ് കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റിലീസ് ചെയ്തിരുന്നു. ഈ സ്ഥാനത്താണ് മാനേജ്‌മെന്റ് ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിനെ ഏല്‍പ്പിച്ചിരിക്കുന്നത്. 

ക്യാപ്റ്റനായി നിയമിതനായ ശേഷം തനിക്ക് വിരാട് കോലി, രോഹിത് ശര്‍മ, എം.എസ് ധോനി എന്നിവരില്‍ നിന്ന് ആശംസാ സന്ദേശങ്ങള്‍ ലഭിച്ചതായും സഞ്ജു വെളിപ്പെടുത്തി. 

''ഇക്കാര്യം (ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വിവരം) മറ്റാരോടും പറയാതെ ഇരിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. എനിക്ക് വിരാട് ഭായ്, രോഹിത് ഭായ്, മഹി ഭായ് എന്നിവരില്‍ നിന്ന നല്ല ആശംസാ സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു.'' - ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

അതേസമയം ശ്രീലങ്കന്‍ ഇതിഹാസവും രാജസ്ഥാന്റെ പരിശീലകനുമായ കുമാര്‍ സംഗക്കാരയോടൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് സഞ്ജു.

Content Highlights: IPL 2021 Sanju Samson Got congratulatory messages from Virat, Rohit and Mahi bhai