മുംബൈ: ഇന്ത്യയില്‍ രണ്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സമാപിച്ചതിനു പിന്നാലെ അഭ്യന്തര കായികരംഗം വീണ്ടും ക്രിക്കറ്റിലേക്ക് തിരിയുന്നു. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ തുടങ്ങും. ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. എട്ടുമാസത്തിനിടെ രണ്ടാമത്തെ ഐ.പി.എല്‍. ടൂര്‍ണമെന്റാണിത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റ് കോവിഡ് കാരണം ആറുമാസത്തോളം വൈകി യു.എ.ഇ. യിലാണ് നടന്നത്. 2020 നവംബര്‍ പത്തിനായിരുന്നു ഫൈനല്‍. ഇക്കുറി പഴയ ഷെഡ്യൂള്‍ അനുസരിച്ച് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചതോടെ എട്ടുമാസത്തിനിടെ രണ്ടാംവട്ടവും മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങി.

തിരക്കൊഴിയാതെ

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമില്ലാത്ത കളിക്കാലമാണിത്. കഴിഞ്ഞ നവംബര്‍ പത്തിന് ഐ.പി.എല്‍. ഫൈനല്‍ കഴിഞ്ഞ് ദുബായില്‍നിന്ന് ടീം നേരേ ഓസ്‌ട്രേലിയയിലേക്ക് പോയി. അവിടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകള്‍ കഴിഞ്ഞ് തിരിച്ചെത്തി വൈകാതെ ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങി. മാര്‍ച്ച് 28-നായിരുന്നു ഇംഗ്ലണ്ടിനെതിരായ അവസാനമത്സരം. അതു കഴിഞ്ഞ് കളിക്കാര്‍ നേരേ ഐ.പി.എല്‍. ടീം ക്യാമ്പുകളിലേക്ക് പോയി ബയോ സെക്യുല്‍ ബബിളുകളില്‍ പ്രവേശിച്ചുകഴിഞ്ഞു. പരിശീലനം കഴിഞ്ഞ് വീണ്ടും കളിക്കളത്തിലേക്ക്.

ഒരു ഇന്നിങ്‌സ് 90 മിനിറ്റ്

90 മിനിറ്റിനകം 20 ഓവര്‍ എറിഞ്ഞുതീര്‍ക്കണമെന്ന് ടീമുകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ചുമിനിറ്റ് രണ്ട് സ്ട്രാറ്റജിക് ടൈം ഔട്ടുകള്‍ക്കാണ്. 85 മിനിറ്റില്‍ 20 ഓവര്‍ എറിയണം. ഇല്ലെങ്കില്‍, നിശ്ചിത സമയത്ത് എത്ര ഓവര്‍ എറിഞ്ഞോ അത്രയും ഓവറുകളുമായി മത്സരം പൂര്‍ത്തിയാക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

സോഫ്റ്റ് സിഗ്‌നല്‍ വേണ്ടാ

ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുകയാണെങ്കില്‍ ഐ.പി.എലില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ അവരുടെ തീരുമാനം (സോഫ്റ്റ് സിഗ്‌നല്‍) നല്‍കേണ്ടതില്ല. ഇതില്‍ തേര്‍ഡ് അമ്പയര്‍ക്കും കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കാറുണ്ട്. അത് ഒഴിവാക്കാനാണ് സോഫ്റ്റ് സിഗ്‌നല്‍ വേണ്ടെന്നുവെച്ചത്.

സൂപ്പര്‍ ഓവര്‍ ഒരു മണിക്കൂര്‍

കഴിഞ്ഞ ഐ.പി.എലില്‍ നിശ്ചിത സമയത്ത് തുല്യനിലയിലായ മത്സരം സൂപ്പര്‍ ഓവറിലും സമനിലയായി. തുടര്‍ന്ന് രണ്ടാം സൂപ്പര്‍ ഓവര്‍ കളിച്ചു. അത് പിന്നെയും നീളാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ, ഇനിമുതല്‍ നിശ്ചിതസമയം കഴിഞ്ഞ് ഒരു മണിക്കൂര്‍കൂടി മാത്രമേ മത്സരം നീട്ടാവൂ എന്ന് തീരുമാനിച്ചു. അതിനകം, വിജയിയെ കണ്ടെത്താനായില്ലെങ്കില്‍ പോയന്റ് വീതിച്ചുനല്‍കും.

ഷോര്‍ട്ട് റണ്‍ മൂന്നാം അമ്പയര്‍ക്ക്

ബാറ്റ്‌സ്മാന്‍ മറുഭാഗത്തെ ക്രീസില്‍ ബാറ്റുമുട്ടുംമുമ്പ് തിരിച്ചോടുന്നുണ്ടോ (ഷോര്‍ട്ട്‌റണ്‍) എന്ന് പരിശോധിക്കേണ്ടത് തേര്‍ഡ് അമ്പയറുടെ ചുമതലയായി.

Content Highlights: IPL 2021 rule changes have been brought in for upcoming season