ന്യൂഡല്‍ഹി: ഐ.പി.എല്‍ 2021-ന്റെ വേദികളായി അന്തിമ പട്ടികയില്‍ ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ തീരുമാനത്തില്‍ മറ്റ് ഫ്രാഞ്ചൈസികള്‍ അതൃപ്തിയിലാണ്. 

ഇപ്പോഴിതാ ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.സി.സി.ഐക്ക് കത്തെഴുതിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും മൊഹാലി എന്തുകൊണ്ട് പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്നാണ് പഞ്ചാബ് കിങ്‌സിന്റെ ചോദ്യം. പഞ്ചാബ് കിങ്‌സ് സഹ ഉടമ നെസ്സ് വാദിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളെ സാധ്യതാ വേദികളായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ മുംബൈയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 

ഏതൊക്കെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വേദികള്‍ തിരഞ്ഞെടുത്തതെന്നാണ് പഞ്ചാബ് കിങ്‌സ് ബി.സി.സി.ഐയോട് ചോദിക്കുന്നത്. പഞ്ചാബില്‍ മത്സരം നടക്കുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും വാദിയ കൂട്ടിച്ചേര്‍ത്തു.

ഏതാനും വേദികളില്‍ മാത്രമാണ് മത്സരമെങ്കില്‍ ആ നഗര ടീമുകള്‍ക്ക് മാത്രം ഹോം ടീമിന്റെ ആനുകൂല്യം ലഭിക്കും. മറ്റ് ടീമുകള്‍ക്ക് ഇത് ലഭിക്കാതെ പോകുമെന്നും ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlights: IPL 2021 Punjab Kings written to BCCI to know on what basis venues have been shortlisted