മുംബൈ: ഐ.പി.എല്‍ 14-ാം സീസണ് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ചേര്‍ന്നു. ഞായറാഴ്ച ഇംഗ്ലണ്ടുമായുള്ള അവസാന ഏകദിനത്തിനു ശേഷം തിങ്കളാഴ്ചയാണ് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്. 

മൂവരും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ശേഷം ടീമിനൊപ്പം പരിശീലനത്തിന് ചേരും. മുംബൈ ടീം താമസിക്കുന്ന റെനയസന്‍സ് മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹോട്ടലിലേക്കാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് താരങ്ങളെത്തിയത്.

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ക്രുനാല്‍ പാണ്ഡ്യ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ട്വന്റി 20 പരമ്പരയില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. പക്ഷേ ഏകദിന പരമ്പരയില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. 

ബി.സി.സി.ഐയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച് ബയോബബിളില്‍ പ്രവേശിക്കുന്ന എല്ലാ താരങ്ങളും മാനേജ്‌മെന്റ് സപ്പോര്‍ട്ട് സ്റ്റാഫുകളും അവരുടെ ഹോട്ടല്‍ മുറികളില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ബന്ധമാണ്. ഇക്കാലയളവില്‍ ഓരോ വ്യക്തിയും ഒന്നിലധികം തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും വേണം.

Content Highlights: IPL 2021 Hardik Pandya Krunal Suryakumar Yadav enter Mumbai Indians bio-bubble