മുംബൈ: ഐ.പി.എല്‍ 14-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തിരിച്ചടിയായി ടീം അംഗവും ഇന്ത്യന്‍ താരവുമായ അക്‌സര്‍ പട്ടേലിന് കോവിഡ്. 

ഡല്‍ഹി ക്യാമ്പ് അധികൃതരാണ് എ.എന്‍.ഐയോട് ഇക്കാര്യം അറിയിച്ചത്. താരം ഐസൊലേഷനിലാണെന്നും എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും ടീം അറിയിച്ചു. 

കൊല്‍ക്കത്ത താരം നിതീഷ് റാണയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഐ.പി.എല്‍ താരമാണ് അക്‌സര്‍. റാണ പിന്നീട് കോവിഡ് മുക്തനായിരുന്നു. 

ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് കോവിഡ് പോസിറ്റീവാകുന്ന താരം ബയോ സെക്യുര്‍ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനില്‍ കഴിയണം. രോഗ ലക്ഷണങ്ങള്‍ കാണുന്ന തീയതി മുതല്‍ അല്ലെങ്കില്‍ സാമ്പിള്‍ എടുക്കുന്ന തീയതി മുതല്‍ 10 ദിവസത്തേക്കാണ് താരം ഐസൊലേഷനില്‍ കഴിയേണ്ടത്. ഈ സമയത്ത് താരം പൂര്‍ണമായും വിശ്രമിക്കുകയും വ്യായാമങ്ങളും മറ്റും ഒഴിവാക്കുകയും വേണം.

Content Highlights: IPL 2021 Delhi Capitals player Axar Patel tests positive for COVID-19