മുംബൈ: ഐ.പി.എല്‍ 14-ാം സീസണ് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ബാറ്റിങ് പരീശീലനം ആരംഭിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. 

നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൂജാര പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയത്. 2014-ന് ശേഷം ഐ.പി.എല്ലിലേക്കുള്ള വരവ് സിക്‌സറുകള്‍ പറത്തിയാണ് പൂജാര ആഘോഷിക്കുന്നത്. 

ട്വന്റി 20-ക്ക് ഇണങ്ങുന്ന രീതിയിലേക്ക് താന്‍ മാറിയെന്ന് തെളിയിക്കുകയാണ് പൂജാര. സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ നെറ്റ്‌സിലെ പരിശീലനത്തിനിടെ നാലു പാടും സിക്‌സറുകള്‍ പറത്തുന്ന പൂജാരയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്നു പേരുകേട്ട പൂജാരയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന് വെടിക്കെട്ട് താരങ്ങളുള്ള സൂപ്പര്‍ കിങ്‌സിന്റെ അന്തിമ ഇലവനില്‍ ഇടംനേടാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ പരിശീലന സെഷനിലെ സമീപനത്തിലൂടെ ആ സംശയങ്ങളെല്ലാം വെറുതെയാണെന്ന് തെളിയിക്കുകയാണ് പൂജാര. 

സൂപ്പര്‍ കിങ്‌സിന്റെ പരിശീലന സെഷനില്‍ ദീപക് ചാഹറിനെയും കരണ്‍ ശര്‍മയേയും കടന്നാക്രമിക്കുന്ന പൂജാരയെ വീഡിയോയില്‍ കാണാം.

Content Highlights: IPL 2021 Cheteshwar Pujara hits sixes at Chennai Super Kings training