ഐപി.എല്ലില്‍ ധോനിയുടെ വെടിക്കെട്ട് കാണാന്‍ കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍, ആരാധകര്‍ക്കായി പൂരത്തിന് മുന്‍പേ മറ്റൊരു സര്‍പ്രൈസ് സമ്മാനിച്ചിരിക്കുകയാണ് തല.

നീണ്ട തലമുടിയുമായി ഇന്ത്യന്‍ ടീമിലെത്തി പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച ധോനിയുടെ പുതിയ മേക്കോവറാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മരച്ചുവട്ടില്‍ തലമുഴുവന്‍ മുണ്ഡനം ചെയ്ത് ഒരു ബുദ്ധഭിക്ഷുവിനെ പോലെയിരിക്കകയാണ് ധോനി. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഞങ്ങളെ പോലും അത്ഭുതപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന സ്‌മൈലിയോടെ ഈ ചിതം പുറത്തുവിട്ടത്. നിങ്ങള്‍ക്ക് ഇതെന്താണെന്നാണ് തോന്നുന്നത് എന്ന ചോദ്യവുമുണ്ട് ട്വിറ്ററില്‍. ഒരു ആയോധനകലാ പരിശീലന കളരിയില്‍ നിന്നെടുത്ത ചിത്രമെന്ന വിശദീകരണവുമുണ്ട് ചിത്രത്തിനൊപ്പം.

എന്താണ് ഈ പുതിയ അവതാരോദ്ദേശ്യമെന്ന് പിടികിട്ടാതെ ഇപ്പോള്‍ വലയുകയാണ് മഹിയുടെ  ആരാധകര്‍.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പുതിയ പരസ്യത്തിനുവേണ്ടിയുള്ള ലുക്കാണെന്നാണ് പൊതുവേയുള്ള ധാരണ. ധോനിയും സ്റ്റാര്‍ സ്‌പോര്‍ട്‌സും സൂപ്പര്‍ കിങ്‌സും എന്തായാലും ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

തലയുടെ പുതിയ ലുക്ക് ആരാധകര്‍ക്ക് ശരിക്കും പിടിച്ചമട്ടാണ്. ആ മുഖത്തെ ശാന്തതയയാണ് പലരെയും ആകര്‍ഷിച്ചത്. ശരിക്കുമൊരു ബുദ്ധഭിക്ഷു തന്നെ എന്നാണ് ഭൂരിഭാഗം പേരും സാക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അത്ഭുതമൊന്നുമില്ല. കളിക്കളത്തിലും ഒരു ഭിക്ഷുവിനെ പോലെ ശാന്തനായിരുന്നു മഹിയെന്ന് വേറെ ചിലര്‍ സമര്‍ഥിക്കുന്നു.

Content Highlights: IPL 2021 Chennai Super Kings Thala MS Dhoni’s new Monk Avatar photo goes viral