മുംബൈ: ഐ.പി.എല്‍ 2021 സീസണ് മുന്നോടിയായി നടന്ന ലേലത്തിനു പിന്നാലെ എല്ലാവരുടെയും സംശയം ഇത്തവണത്തെ ടൂര്‍ണമെന്റും രാജ്യം വിട്ട് പോകുമോ എന്നതാണ്.

ഐ.പി.എല്ലിന്റെ 14-ാം സീസണ് മുന്നോടിയായി ഫെബ്രുവരി 18-ന് ചെന്നൈയില്‍ വെച്ചാണ് താരലേലം നടന്നത്. ഇതിനു പിന്നാലെ പക്ഷേ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.

ഇപ്പോഴിതാ ഇത്തവണത്തെ സീസണ്‍ മുംബൈയിലും അഹമ്മദാബാദിലുമായി നടത്താന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലും നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല.

ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കാനാണ് സാധ്യത.

മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ നാല് സ്റ്റേഡിയങ്ങളില്‍ ലീഗ് മത്സരങ്ങള്‍ക്ക് വേദിയായേക്കും.

Content Highlights: IPL 2021 BCCI is thinking of hosting IPL in Mumbai and Ahmedabad