മുംബൈ: ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

19 ഗ്രൗണ്ട്‌സ്മാന്‍മാരാണ് സ്‌റ്റേഡിയത്തില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ മാര്‍ച്ച് 26-ന് നടത്തിയ ആദ്യ റൗണ്ട് പരിശോധനയില്‍ മൂന്ന് പേര്‍ പോസിറ്റീവായി. പിന്നീട് ഏപ്രില്‍ ഒന്നിന് നടത്തിയ അടുത്ത റൗണ്ട് പരിശോധനയില്‍ അഞ്ചു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

ഗ്രൗണ്ടിലെ ഭൂരിഭാഗം ജീവനക്കാരും ദിവസവും ലോക്കല്‍ ട്രെയിനിലും മറ്റും യാത്ര ചെയ്ത് എത്തുന്നവരാണ്. ഇവര്‍ക്ക് ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ ഗ്രൗണ്ടില്‍ തന്നെ താമസ സൗകര്യം ഒരുക്കാനാണ് എം.സി.എ ഇപ്പോള്‍ ആലോചിക്കുന്നത്. 

അതേസമയം മുംബൈയില്‍ നടക്കേണ്ടുന്ന ഇത്തവണത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ അടിച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തന്നെയാണ് ഇതിന് കാരണം. ഏപ്രില്‍ 10-നും 25-നും ഇടയ്ക്ക് പത്തോളം മത്സരങ്ങള്‍ക്കാണ് മുംബൈ വേദിയാകേണ്ടത്.

Content Highlights: IPL 2021 8 groundsmen at Wankhede stadium test positive for Covid-19