മുംബൈ: 2021 ഐ.പി.എല്‍ കിരീടത്തില്‍ പഞ്ചാബ് കിങ്‌സ് മുത്തമിടുമെന്ന് ടീമിന്റെ ബാറ്റ്‌സ്മാനും ഇംഗ്ലീഷ് താരവുമായ ഡേവിഡ് മലാന്‍. ഇത്തവണ ശക്തമായ ടീമിനെയാണ് പഞ്ചാബ് ഒരുക്കിയിരിക്കുന്നതെന്നും കിരീടം നേടാനുള്ള എല്ലാ കരുത്തും ടീമിനുണ്ടെന്നും മലാന്‍ വ്യക്തമാക്കി.

നിലവില്‍ ട്വന്റി 20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ മലാന്‍ ഈ സീസണിലാണ് പഞ്ചാബിലെത്തിയത്. ആദ്യമായാണ് താരം ഐ.പി.എല്ലില്‍ കളിക്കുന്നത്. 1.5 കോടി രൂപ മുടക്കിയാണ് പഞ്ചാബ് മലാനെ ടീമിലെത്തിച്ചത്. 

' ഇത്തവണ പഞ്ചാബ് കിരീടമുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. ടീം എന്തായാലും പ്ലേ ഓഫില്‍ പ്രവേശിക്കും. ഫൈനലില്‍ വിജയവും സ്വന്തമാക്കും. ഈ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതെന്റെ ആദ്യ ഐ.പി.എല്ലാണ്. അതുകൊണ്ടുതന്നെ ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും'-മലാന്‍ വ്യക്തമാക്കി.

പുതിയ സീസണില്‍ പുതിയ പേരും പുതിയ ജഴ്‌സിയുമാണ് പഞ്ചാബ് ഒരുക്കിയിരിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്ന പേര് മാറ്റി പഞ്ചാബ് കിങ്‌സ് എന്ന പുതിയ പേരിലാണ് ടീം പുതിയ സീസണില്‍ കളിക്കുക. ഒപ്പം പുതിയ ജഴ്‌സിയുമുണ്ട്. സ്വര്‍ണ നിറമുള്ള ഹെല്‍മറ്റും പഞ്ചാബ് ടീമിന്റെ പ്രത്യേകതയാണ്. 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സാണ് പഞ്ചാബിന്റെ ആദ്യ എതിരാളി. ഏപ്രില്‍ 12 ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

Content Highlights: Hopefully 2021 is the year that luck changes and Punjab lifts IPL trophy, says Malan