ന്യൂഡല്‍ഹി: ഐ.പി.എല്‍ 14-ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഈ സീസണ്‍ നഷ്ടമായ സാഹചര്യത്തിലാണ് ഡല്‍ഹി മാനേജ്‌മെന്റ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുന്നത്. സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹഹാനെ, ആര്‍. അശ്വിന്‍ എന്നീ സീനിയര്‍ താരങ്ങളെ മറികടന്നാണ് പന്ത് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്.

23-കാരനായ പന്തിനെ ക്യാപ്റ്റനാക്കിയ വിവരം ട്വിറ്ററിലൂടെയാണ് ഡല്‍ഹി അറിയിച്ചത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായിരുന്നു പന്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏപ്രില്‍ 10-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

ഐ.പി.എല്ലില്‍ അതാദ്യമായാണ് പന്ത് ക്യാപ്റ്റനാകുന്നത്. നേരത്തെ 2017 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹി ടീമിനെ നയിച്ചത് പന്തായിരുന്നു. 

തന്നെ ഈ ചുമതല ഏല്‍പ്പിച്ച ടീം ഉടമകള്‍ക്ക് നന്ദി അറിയിക്കുന്നതായി പന്ത് പ്രതികരിച്ചു. ഡല്‍ഹിയിലാണ് താന്‍ വളര്‍ന്നത്. ആറു വര്‍ഷം മുന്‍പ് ഐ.പി.എല്‍ കരിയര്‍ ആരംഭിച്ചതും ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ്. ഈ ടീമിനെ എന്നെങ്കിലും നയിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തനിക്ക് യോഗ്യതയുണ്ടെന്ന് തീരുമാനിച്ച ടീം ഉടമകള്‍ക്ക് നന്ദി, പന്ത് പറഞ്ഞു. 

അതേസമയം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഏപ്രില്‍ എട്ടിന് ശസ്ത്രക്രിയ നടത്തും. ഏകദേശം അഞ്ചു മാസമെങ്കിലും പരിക്കില്‍ നിന്ന് മുക്തനാകാന്‍ താരത്തിന് ആവശ്യമായി വരും.

Content Highlights: Delhi Capitals name Rishabh Pant captain for IPL 2021