മെല്‍ബണ്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഐ.പി.എല്‍ 14-ാം സീസണില്‍ നിന്ന് പിന്മാറി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താന്‍ മാറിനില്‍ക്കുന്നതെന്ന് താരം അറിയിച്ചു. പുതിയ സീസണില്‍ ചെന്നൈ ടീമിന് ഹെയ്‌സല്‍വുഡിന്റെ പിന്മാറ്റം തിരിച്ചടിയാകും. 

ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ഓസീസ് താരങ്ങള്‍ക്കൊപ്പം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഹെയ്‌സല്‍വുഡിന്റെ പിന്മാറ്റം. 

''കഴിഞ്ഞ 10 മാസത്തോളം വിവിധ സമയങ്ങളിലായി ബയോബബിളിലും ക്വാറന്റീനിലുമാണ്. അതിനാല്‍  ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് ഓസ്‌ട്രേലിയയിലും വീട്ടിലുമായി അടുത്ത രണ്ടുമാസം ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. നീണ്ട പര്യടനങ്ങള്‍ ഇനി വരാനിരിക്കുന്നു. വെസ്റ്റിന്‍ഡീസ് പര്യടനം വലിയ ഒന്നായിരിക്കും, അതിന് അവസാനം ബംഗ്ലാദേശ് പര്യടനവുമുണ്ട്. പിന്നെ ട്വന്റി 20 ലോകകപ്പും ആഷസും വരുന്നു. ഓസീസ് ടീമിനൊപ്പം തന്നെയാണ് ഇനിയുള്ള 12 മാസവും. അതിനു വേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ ഇതാണ് നല്ല അവസരം.'' - ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് ഹെയ്‌സല്‍വുഡ് പ്രതികരിച്ചു.

Content Highlights: Chennai Super Kings Pacer Josh Hazlewood Pulls Out Of IPL 2021