ന്യൂഡല്‍ഹി: ഈ മാസം ഒന്‍പതിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ഈയിടെ പരന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാംഗുലി ഔദ്യോഗിക അറിയിപ്പുമായി രംഗത്തെത്തിയത്. 

ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമെല്ലാം കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍ ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. വാരാന്ത്യത്തില്‍ കര്‍ശന ലോക്ഡൗണ്‍ നടത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

മുംബൈയിലെ വാംഖഡേ സ്റ്റേഡിയം പ്രധാന ഐ.പി.എല്‍ വേദിയായതിനാല്‍ മത്സരങ്ങള്‍ അവിടെവെച്ച് നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുവന്നിട്ടില്ല. ഏപ്രില്‍ 10 മുതല്‍ 25 വരെ വാംഖഡേയില്‍ മത്സരങ്ങളുമുണ്ട്. 

Content Highlights: BCCI president Ganguly says IPL 2021 going ahead as per schedule