ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്‍പായി പഞ്ചാബ് കിങ്‌സ് പുതിയ ബൗളിങ് പരിശീലകനെ നിയമിച്ചു. മുന്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ ഡാമിയന്‍ റൈറ്റിനെയാണ് പുതിയ പരിശീലനകനായി നിയമിച്ചിരിക്കുന്നത്.

45 കാരനായ റൈറ്റ് ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. പഞ്ചാബിന്റെ മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കീഴിലായിരിക്കും റൈറ്റ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുക. 

'പഞ്ചാബ് കിങ്‌സിന്റെ ബൗളിങ് കോച്ചായി വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. മികച്ച താരങ്ങളാണ് ടീമില്‍ അണിനിരക്കുന്നത്. ഈ സീസണില്‍ ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'- റൈറ്റ് പറഞ്ഞു

റൈറ്റിനും കുംബ്ലെയ്ക്കുമൊപ്പം അസിസ്റ്റന്റ് കോച്ചായി ആന്‍ഡി ഫ്‌ലവര്‍, ബാറ്റിങ് കോച്ചായി വസീം ജാഫര്‍, ഫീല്‍ഡിങ് കോച്ചായി ജോണ്ടി റോഡ്‌സ് എന്നിവരും അണിനിരക്കുന്നുണ്ട്. 

കെ.എല്‍.രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ഏപ്രില്‍ 12 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

Content Highlights: Aussie Damien Wright joins Punjab Kings as new bowling coach