ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓള്‍റൗണ്ടറായ ഡാനിയല്‍ സാംസിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയന്‍ ദേശീയ ടീം അംഗമായ സാംസ് ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്. 

ഐ.പി.എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ താരമാണ് സാംസ്. നേരത്തേ ഓപ്പണിങ് ബാറ്റ്‌സ്മാനും മലയാളിയുമായ ദേവ്ദത്ത് പടിക്കലിന് രോഗം പിടിപെട്ടിരുന്നു.

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സാംസിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ ബെംഗളൂരു കളിക്കുന്നുണ്ട്. 

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളി. ഈ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലും സാംസും കളിക്കില്ലെന്ന് ഉറപ്പായി. മാര്‍ച്ച് 22 നാണ് ദേവ്ദത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡ് നെഗറ്റീവായ ദേവ്ദത്ത് ഇന്ന് ട്രെയിനിങ് ക്യാമ്പില്‍ പ്രവേശിച്ചിട്ടുണ്ട്.

Content Highlights: After Devdutt Padikkal, RCB all-rounder Daniel Sams tests positive for COVID-19