അബുദാബി: ഇതിലും സ്വപ്നതുല്ല്യമായ ഒരു ഐ.പി.എൽ അരങ്ങേറ്റം മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഇനി കിട്ടാനില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ദേവ്ദത്ത് മൂന്നിലും അർധ സെഞ്ചുറി കണ്ടെത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പം 99 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഈ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട് ഈ ഇരുപതുകാരൻ.
ഐ.പി.എൽ അരങ്ങേറ്റത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ അർധ സെഞ്ചുറിയുമായി തുടങ്ങിയ ദേവ്ദത്ത് രാജസ്ഥാനെതിരേ 45 പന്തിൽ 63 റൺസാണ് അടിച്ചെടുത്തത്. ഇതിന് പിന്നാലെ യുവതാരത്തെ അഭിനന്ദിച്ച് നിരവധി ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. ഇന്ത്യയുടെ മുൻതാരം യുവരാജ് സിങ്ങും ദേവ്ദത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
ദേവ്ദത്ത് മികച്ച ബാറ്റ്സ്മാനാണെന്നും യുവതാരത്തിനൊപ്പം ബാറ്റു ചെയ്യാൻ ആഗ്രഹമുണ്ടെന്നും യുവി ട്വീറ്റിൽ പറയുന്നു. ഏറ്റവും കൂടുതൽ ദൂരത്തേക്ക് സിക്സ് അടിക്കുന്നത് ആരാണെന്ന് നോക്കാമെന്നും യുവരാജ് ട്വീറ്റിലൂടെ വെല്ലുവിളിക്കുന്നുണ്ട്.
ഈ ട്വീറ്റിന് ദേവ്ദത്ത് മറുപടിയും നൽകി. യുവരാജുമായി മത്സരിക്കാനില്ലെന്നും ഫ്ളിക്ക് ഷോട്ട് യുവി പാജിയിൽ നിന്നാണ് പഠിച്ചതെന്നും ദേവ്ദത്ത് വ്യക്തമാക്കുന്നു. യുവരാജിനൊപ്പം ബാറ്റു ചെയ്യാൻ ആഗ്രഹമുണ്ടെന്നും ദേവ്ദത്ത് ട്വീറ്റിൽ പറയുന്നുണ്ട്.
Content Highlights: Yuvraj Singh Devdutt Padikkal RCB IPL 2020