ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഐ.പി.എൽ 13-ാം സീസൺ യു.എ.ഇയിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കളിക്കിടെ പന്തിൽ തുപ്പൽ പുരട്ടുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ പല താരങ്ങളും കളിക്കളത്തിലെത്തുമ്പോൾ ഇക്കാര്യം മറന്നുപോകുകയാണ്.

ശീലിച്ചത് അങ്ങനെയങ്ങു മാറ്റാനൊക്കുമോ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അമിത് മിശ്രയും റോബിൻ ഉത്തപ്പയും പന്തിൽ തുപ്പൽ തേച്ചിരുന്നു. ഇതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയും പന്തിൽ തുപ്പൽ തേക്കാൻ ശ്രമിച്ചു.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് കോലി ഒരു നിമിഷം ബി.സി.സി.ഐയുടെ ഈ നിർദ്ദേശം മറന്നത്. പെട്ടെന്നുതന്നെ അബദ്ധം മനസ്സിലാക്കിയ ആർസിബി ക്യാപ്റ്റൻ ചിരിച്ചുകൊണ്ട് കൈയുയർത്തി ക്ഷമ ചോദിച്ചു.

ഡൽഹി ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. പന്ത് കൈയിൽ കിട്ടിയ കോലി വായിൽ നിന്ന് ഉമിനീർ വിരലിലെടുത്ത്‌പുരട്ടാൻ ഒരുങ്ങിയതാണ്. അപ്പോഴേക്കും താരത്തിന് കോവിഡ് നിയന്ത്രണങ്ങളുടെ കാര്യം ഓർമ വന്നു. ഇതോടെ കൈ പിൻവലിച്ച കോലി തുപ്പൽ പുരട്ടിയിട്ടില്ല എന്നു കാണിക്കാൻ ഇരുകൈകളും ഉയർത്തിക്കാട്ടി. അമ്പയറെ നോക്കിയാണ് കോലി കൈയുയർത്തിയതെന്നും ഇത് ക്ഷമ ചോദിച്ചതാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Virat Kohli applies saliva on ball IPL 2020