ദുബായ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ 'വയസ്സൻ പട' എന്തു ചെയ്യാൻ എന്ന രീതിയിലുള്ള പരിഹാസങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരാധകർ കണ്ടത്. നാൽപതു വയസ്സുകാരൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സണും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 37-കാരൻ ഫാഫ് ഡുപ്ലെസിയും കിങ്സ് ഇലവൻ പഞ്ചാബിന്റെ യുവനിരയെ തല്ലിയൊതുക്കി. പത്തു വിക്കറ്റിന്റെ വിജയമാഘോഷിച്ച മത്സരത്തിൽ ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഒരുപാട് റെക്കോഡുകളും പിന്നിട്ടു.

53 പന്തുകൾ വീതമാണ് വാട്സണും ഡുപ്ലെസിയും നേരിട്ടത്. ഇരുവരും 11 ഫോറുകൾ അടിച്ചു. ഇതിൽ ഡുപ്ലെസി ഒരു സിക്സിന്റെ കൂടി സഹായത്തോടെ 87 റൺസെടുത്തും വാട്സൺ മൂന്നു സിക്സിന്റെ സഹായത്തോടെ 83 റൺസെടുത്തും പുറത്താകാതെ നിന്നു.

ഐ.പി.എല്ലിൽ 10 വിക്കറ്റ് വിജയങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് വാട്സൺ-ഡുപ്ലെസി സഖ്യത്തിന്റെ 181 റൺസ്. 2017-ൽ ഗുജറാത്ത് ലയൺസിനെതിരേ കൊൽക്കത്തയ്ക്കായി ഗൗതം ഗംഭീറും ക്രിസ് ലിന്നും ചേർന്ന് നേടിയ 184 റൺസിന്റെ കൂട്ടുകെട്ടാണ് ഈ റെക്കോഡിൽ ഒന്നാമത്. ഐ.പി.എല്ലിൽ ചെന്നൈയുടെ ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇതാണ്. 2011-ൽ മൈക്ക് ഹസ്സി-മുരളി വിജയ് സഖ്യം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നേടിയ 159 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്തായത്.

Content Highlights: Shane Watson Faf du Plessis IPL 2020 Records Cricket