ഷാർജ: ചെന്നൈക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത സഞ്ജു സാംസണെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസഡറുമായ ക്രിക്കറ്റ് ഇതിഹാസതാരം ഷെയ്ന്‍ വോണ്‍.

ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി നിരവധി സംഭാവനകള്‍ നല്‍കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജുവെന്നാണ് ഷെയ്ന്‍ വോണിന്റെ അഭിപ്രായം. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ ലൈവ് സെഷനില്‍ പങ്കെടുക്കുമ്പോഴാണ് വോണ്‍ സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. 

'അസാമാന്യമായ പ്രതിഭയുള്ള താരമാണ് സഞ്ജു സാംസണ്‍. ഇത്രയും വര്‍ഷത്തെ കരിയറിനിടെ ഞാന്‍ കണ്ട മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല എന്നറിയുമ്പോള്‍ എനിക്ക് അദ്ഭുതം തോന്നുന്നു' - വോണ്‍ പറഞ്ഞു

എല്ലാത്തരം ഷോട്ടുകളും കളിക്കാനും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാനും സഞ്ജുവിന് സാധിക്കുമെന്ന് വോണ്‍ പറയുന്നു. സഞ്ജു ഇതുപോലെ ഫോം തുടര്‍ന്നാല്‍ ഇത്തവണ രാജസ്ഥാന്‍ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുമെന്നും വോണ്‍ വ്യക്തമാക്കി. 

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇത്തവണത്തെ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിലും താരത്തിന് കളിക്കാന്‍ കഴിയുമെന്ന് വോണ്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ക്യാപ്റ്റനായ വോണിന്റെ കീഴിലാണ് ടീം ആദ്യ ഐ.പി.എല്‍ കിരീടം 2008-ല്‍ സ്വന്തമാക്കുന്നത്. പിന്നീട് കിരീടത്തില്‍ മുത്തമിടാന്‍ ടീമിന് സാധിച്ചിട്ടില്ല. 

Content Highlights: Shane Warne all praise for RR batsman Sanju Samson